അനധികൃത വിദേശികളുടെ കണക്കില്ല -കേന്ദ്രം
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന വിദേശികളുടെ കണക്ക് തങ്ങളുടെ പക്കലില്ലെന്നും അത് ശേഖരിക്കൽ അസാധ്യമാണെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. അനധികൃത കുടിയേറ്റം ഗൂഢവും വഞ്ചനാത്മകവുമായ രീതിയിലായതിനാൽ ഇത്തരമൊരു കണക്കെടുപ്പ് സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി സെക്രട്ടറി അജയകുമാർ ഭല്ല സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 1966 ജനുവരി ഒന്നിനും 1971 മാർച്ച് 25നുമിടയിൽ അസമിൽ വന്ന ഇന്ത്യൻ വംശജരായ വിദേശ കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ഇതേത്തുടർന്ന് 1955ലെ പൗരത്വനിയമത്തിന്റെ 6 എ വകുപ്പ് ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തുനിന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറന്തള്ളുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി നടത്തിയ പ്രചാരണത്തിന് വിരുദ്ധമാണ് ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. രാജ്യത്ത് അനധികൃത കുടിയേറ്റക്കാർ കടക്കുന്നത് സാധുവായ രേഖകളില്ലാതെ ഗൂഢവും വഞ്ചനാത്മകവുമായ രീതിയിലാണെന്ന് കേന്ദ്രം വ്യക്തമാക്കി. ആ തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്തുകയും തടവിലാക്കുകയും നാടുകടത്തുകയും ചെയ്യുക എന്നത് സങ്കീർണമായ പ്രക്രിയയാണ്. അതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അത്തരം അനധികൃത കുടിയേറ്റക്കാരുടെ കൃത്യമായ സ്ഥിതിവിവരക്കണക്ക് ശേഖരിക്കാൻ സാധ്യമല്ല.
അതേസമയം പാകിസ്താനിൽനിന്ന് വേർപെട്ട് ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമാകുംമുമ്പ് അസമിലേക്കും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും കുടിയേറിയ വിദേശികളിൽ ഇന്ത്യൻ പൗരത്വം നൽകിയവരുടെ കണക്ക് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു.
17,861 വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയെന്നും വിദേശി ട്രൈബ്യൂണലുകളുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 32,381 പേരെ തടങ്കലിലാക്കിയെന്നും ഈ വർഷം ഒക്ടോബർ 31 വരെ വിദേശി ട്രൈബ്യൂണലുകൾക്ക് മുമ്പാകെ 3,34,966 അനധികൃത കുടിയേറ്റ കേസുകൾ വന്നുവെന്നും അതിൽ 97,714 കേസുകൾ തീർപ്പാക്കാതെ കിടക്കുകയാണെന്നും സർക്കാർ ബോധിപ്പിച്ചു.
1971 മാർച്ച് 25ന് ശേഷം അസമിലേക്കും മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള അനധികൃത കുടിയേറ്റക്കാരുടെ സ്ഥിതിവിവരക്കണക്ക് സമർപ്പിക്കാൻ, കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അനധികൃത കുടിയേറ്റം തടയാൻ ഭരണനിർവഹണ തലത്തിൽ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കണമെന്നും അതിർത്തി വേലി എത്രത്തോളമായെന്നും അവ പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്ന് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചിരുന്നു.
ഇതിനുള്ള മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. 1966 ജനുവരി ഒന്നിനും 1971 മാർച്ച് 25നുമിടയിൽ അസമിൽ വന്ന ഇന്ത്യൻ വംശജരായ വിദേശ കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് 6 എ വകുപ്പ്. ബംഗ്ലാദേശി കുടിയേറ്റക്കാർ ഈ വകുപ്പ് ഉപയോഗിച്ച് ഇന്ത്യൻ പൗരത്വം നേടി അസമിൽ സ്ഥിരവാസമാക്കുന്നു എന്നാണ് ഇതിനെതിരെ തദ്ദേശീയ വിഭാഗങ്ങൾ സമർപ്പിച്ച ഹരജികളിൽ ബോധിപ്പിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം സുന്ദരേഷ്, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇവയിൽ വാദം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.