കെജ്രിവാളിന് ആശ്വാസമില്ല; ജാമ്യം തേടിയുള്ള ഹരജിയിൽ ഏപ്രിൽ മൂന്നിന് വീണ്ടും വാദം
text_fieldsന്യൂഡൽഹി: അടിയന്തര മോചനത്തിനുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ആവശ്യം ഡൽഹി ഹൈകോടതി തള്ളി. കെജ്രിവാളിന്റെ അപേക്ഷയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ മറുപടി കിട്ടാതെ തീർപ്പ് കൽപിക്കാൻ തയാറല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ സിംഗിൾ ബെഞ്ച് വിധി. ഇ.ഡി അറസ്റ്റിനും റിമാൻഡിനുമെതിരെ കെജ്രിവാൾ സമർപ്പിച്ച ഹരജിയിലും ഇടക്കാല ആശ്വാസത്തിനുള്ള അപേക്ഷയിലും മറുപടി നൽകാൻ ഇ.ഡിക്ക് ഡൽഹി ഹൈകോടതി സമയം നൽകി.
ഇ.ഡി കസ്റ്റഡിയിൽനിന്ന് കെജ്രിവാളിന് ഇപ്പോൾ മോചനം നൽകിയാൽ അത് പിന്നീട് ജാമ്യത്തിനും ഇടക്കാല ജാമ്യത്തിനും ഇടയാക്കും എന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ക്രിമിനൽ നടപടിക്രമം 439ാം വകുപ്പുപ്രകാരം തീരുമാനിക്കേണ്ടതാണ് ജാമ്യാപേക്ഷകൾ എന്നിരിക്കെ മൗലികാവകാശ ലംഘനത്തിന് ഹൈകോടതിയെ സമീപിക്കാൻ ഭരണഘടനയുടെ 226ാം അനുഛേദം അനുവദിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് കെജ്രിവാൾ സമർപ്പിച്ച ഹരജി അതിന് ഉപയോഗിക്കാനാവില്ലെന്നും ജസ്റ്റിസ് ശർമ തുടർന്നു.
മുഖ്യ ഹരജിയിൽ മറുപടി നൽകാൻ ഇ.ഡിക്ക് നോട്ടീസ് അയച്ചാലും അടിയന്തര ജയിൽമോചനത്തിനുള്ള ഇടക്കാല അപേക്ഷയിൽ അതിന്റെ ആവശ്യമില്ലെന്ന കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയുടെ വാദം ജസ്റ്റിസ് ശർമ തള്ളി. ഇ.ഡിക്ക് കെജ്രിവാളിന്റെ അപേക്ഷയുടെ പകർപ്പ് ചൊവ്വാഴ്ച രാത്രിയാണ് ലഭിച്ചതെന്നും അതിന് മറുപടി നൽകാൻ സമയം വേണമെന്നുമുള്ള അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ വാദം ജഡ്ജി സ്വീകരിച്ചു.
അറസ്റ്റിനെതിരെ കെജ്രിവാൾ സമർപ്പിച്ച മുഖ്യഹരജി ഹൈകോടതി കേൾക്കാനായി നോട്ടീസ് അയക്കുകയാണെന്ന് ജസ്റ്റിസ് ശർമ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഇ.ഡിക്ക് നോട്ടീസ് അയക്കാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വാസം നൽകുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ജസ്റ്റിസ് ശർമ തുടർന്നു. അത് മുഖ്യ ഹരജിയുടെ തീർപ്പിനെ ബാധിക്കും.
കോടതി ഒരു കേസ് കേൾക്കുമ്പോഴും തീർപ്പാക്കുമ്പോഴും ഇരുപക്ഷത്തെയും നീതിപൂർവകമായി കേൾക്കുക എന്ന സ്വാഭാവിക നീതിയുടെ തത്ത്വം പാലിക്കാൻ ബാധ്യസ്ഥമാണ്. കെജ്രിവാളിനെതിരായ ഈ കേസിൽ ഇ.ഡിയുടെ മറുപടി നിർണായകവും അത്യാവശ്യവുമാണ്. അതിനാൽ ഇടക്കാല ആശ്വാസം നൽകാൻ ഇ.ഡിയുടെ മറുപടി ആവശ്യമില്ലെന്ന സിങ്‍വിയുടെ വാദം തള്ളുകയാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.