പണമില്ലാത്തത്തിനാൽ കോവിഡ് ബാധിതർക്ക് ചികിത്സ നിഷേധിക്കപ്പെടില്ല- നവീൻ പട്നായിക്
text_fieldsഭുവനേശ്വർ: പണമില്ലാത്തതിന്‍റെ പേരിൽ ഒഡീഷയിൽ കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്. കോവിഡ് പോസിറ്റീവായവർക്ക് 'ലഭ്യമായ അത്യാധുനിക ചികിത്സയാണ്' നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതി സംബന്ധിച്ചും പ്ലാസ്മ തെറപ്പി വഴിയുള്ള കോവിഡ് ചികിത്സ സംബന്ധിച്ചുമുള്ള വിവരങ്ങൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സംസ്ഥാനത്ത് കോവിഡ് രോഗികളെ പൂർണ്ണമായും സൗജന്യമായാണ് ചികിത്സിക്കുന്നത്. പരിശോധന മുതൽ ചികിത്സ കാലയളവ് വരെ ഭക്ഷണം സൗജന്യമാണ്, യാത്ര, താമസം എന്നിവയും സൗജന്യമാണ്. ഇവിടെ പണമില്ലാത്തതിനാൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടില്ല'-അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡിനെതിര ആരോഗ്യവകുപ്പും സംസ്ഥാനവും മറ്റെല്ലാ സംവിധാനവും ശക്തമായാണ് പോരാടുന്നത്, കഴിഞ്ഞ അഞ്ചുമാസത്തിനിടെ നല്ല പുരോഗതിയാണ് ഉണ്ടായതെന്നും നവീൻ പട്നായിക് പറഞ്ഞു. കോവിഡ് ചികിത്സക്കായി മൂന്നാഴ്ചക്കകം അഞ്ചു പ്ലാസ്മ തെറപ്പി യൂനിറ്റുകൾ സ്ഥാപിക്കും. കോവിഡ് മുക്തരാവർക്കിടയിൽ പ്ലാസ്മ തെറപ്പി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് 296 ആളുകളാണ് സംസ്ഥാനത്ത് മരിച്ചത്. 48796 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.