വിവാദ ട്വീറ്റ്: മുഹമ്മദ് സുബൈറിനെതിരെ ക്രിമിനൽ കുറ്റമില്ലെന്ന് പൊലീസ് കോടതിയിൽ
text_fieldsന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകനും സംഘ്പരിവാർ വിമർശകനുമായ മുഹമ്മദ് സുബൈറിനെതിരെ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട് ക്രിമിനൽ കുറ്റമില്ലെന്ന് കോടതിയെ അറിയിച്ച് ഡൽഹി പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കുറ്റം ചുമത്തി 2020ൽ സുബൈറിനെതിരെ പോക്സോ കേസെടുത്തിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബൈർ നൽകിയ ഹരജിയിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയപ്പോഴാണ് ക്രിമിനൽ കുറ്റമില്ലെന്നും അതുകൊണ്ടുതന്നെ കുറ്റപത്രത്തിൽ പേരില്ലെന്നും പൊലീസ് വ്യക്തമാക്കിയത്. തുടർന്ന് കുറ്റപത്രം ഹാജരാക്കാൻ കോടതി നിർദേശിച്ചു.
2020 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ആൾട്ട് ന്യൂസിലെ ഫാക്ട് ചെക്കുമായി ബന്ധപ്പെട്ട സുബൈറിന്‍റെ ട്വീറ്റിനെ തുടർന്ന് ഒരാളുമായി ട്വിറ്ററിൽ തർക്കമുണ്ടായി. സുബൈറിനെ അധിക്ഷേപിച്ചുകൊണ്ട് ഇയാൾ ട്വീറ്റിന് മറുപടി നൽകി. കൊച്ചുമകളോടൊപ്പമുള്ള ഒരു ഫോട്ടോയായിരുന്നു ഈ വ്യക്തി പ്രൊഫൈൽ ചിത്രമായി നൽകിയിരുന്നത്. ഈ ചിത്രം ഉൾപ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് സുബൈർ മറുപടി നൽകിയത്. എന്നാൽ, കുട്ടിയുടെ മുഖം വ്യക്തമാകാത്ത രീതിയിൽ ബ്ലർ ചെയ്തിരുന്നു. 'സമൂഹമാധ്യമത്തിൽ ആളുകളെ അപമാനിക്കുകയാണ് നിങ്ങളുടെ പാർട്ട് ടൈം ജോലിയെന്ന് കൊച്ചുമകൾക്ക് അറിയാമോ? നിങ്ങൾ പ്രൊഫൈൽ ചിത്രം മാറ്റണമെന്നാണ് എന്‍റെ നിർദേശം' -എന്ന് മറുപടിയും നൽകി.
തുടർന്ന്, പ്രായപൂർത്തിയാകാത്ത കുട്ടിയെ അപമാനിച്ചെന്ന് കാട്ടി ട്വിറ്റർ ഉപയോക്താവും ഒപ്പം ദേശീയ ബാലാവകാശ കമീഷൻ അധ്യക്ഷൻ പ്രിയങ്ക് ഖനൂംഗും നൽകിയ പരാതിയിലാണ് സുബൈറിനെതിരെ ഡൽഹി പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബൈർ കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് തുടരുന്നതിന് മുമ്പ് കുറ്റപത്രം ഹാജരാക്കാൻ കോടതി പൊലീസിനോട് നിർദേശിച്ചു. കുറ്റപത്രമില്ലെന്ന് പൊലീസ് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേസ് തുടരണമോ വേണ്ടയോ എന്ന് അറിയിക്കാൻ സുബൈറിനോട് നിർദേശിച്ചു. കേസ് വീണ്ടും മാർച്ച് രണ്ടിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.