കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് യു.പി സർക്കാർ
text_fieldsലഖ്നോ: കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജൻ ലഭിക്കാതെ ഉത്തർപ്രദേശിൽ ആരും മരിച്ചിട്ടില്ലെന്ന് യോഗി ആദിത്യനാഥ് സർക്കാർ. പ്രതിപക്ഷ ആരോപണങ്ങളെ പൂർണമായും തള്ളിയാണ് യു.പി സർക്കാറിന്‍റെ വിശദീകരണം. കോവിഡ് മൂലം മരിച്ച 22,915 പേരുടെ മരണസർട്ടിഫിക്കറ്റുകളിൽ ഒന്നിൽ പോലും ഓക്സിജൻ ലഭിക്കാതെ മരിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
ചോദ്യോത്തരവേളയിൽ കോൺഗ്രസ് എം.എൽ.പ ദീപക് സിങ്ങാണ് നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഓക്സിജൻ ലഭിക്കാതെയുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങിന്‍റെ വിശദീകരണം.
നിരവധി മന്ത്രിമാരും ഭരണപക്ഷ എം.എൽ.എ, എം.പിമാരും ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സർക്കാറിന് വിവരമുണ്ടോയെന്നായിരുന്നു കോൺഗ്രസ് എം.എൽ.എയുടെ ചോദ്യം. ഇതിന് കോവിഡ് മൂലം മരിച്ച ആളുകളുടെ മരണസർട്ടിഫിക്കറ്റുകളിൽ ഒന്നിൽ പോലും ഓക്സിജൻ ലഭിക്കാതെ മരിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സർക്കാറിന്‍റെ വിശദീകരണം.
യു.പിയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മരിച്ചത് മറ്റ് അസുഖങ്ങൾ മൂലമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു. അതേസമയം പകുതി രോഗികൾക്ക് മാത്രം ഓക്സിജൻ നൽകുകയും മറ്റുള്ളവരെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്ത പാരാസ് ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന് സമാജ്വാദി പാർട്ടി ആവശ്യപ്പെട്ടു.
എന്നാൽ, ജില്ലാ മജിസ്ട്രേറ്റും പൊലീസ് കമ്മീഷണറും നടത്തിയ അന്വേഷണത്തിൽ അതൊരു മോക്ഡ്രില്ലാണെന്ന് വ്യക്തമായതായും ഓക്സിജൻ ലഭിക്കാതെ ആശുപത്രിയിൽ ആരും മരിച്ചിട്ടില്ലെന്നും യു.പി സർക്കാർ വിശദീകരിച്ചു. യു.പി സർക്കാർ സത്യത്തെ വളച്ചൊടിക്കുകയാണെന്നായിരുന്നു സമാജ്വാദ് പാർട്ടിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.