ചീറ്റകൾക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നിട്ടില്ല; വിശദീകരണവുമായി മധ്യപ്രദേശ് സർക്കാർ
text_fieldsഭോപ്പാൽ: ആഫ്രിക്കയിൽ നിന്ന് കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന എട്ട് ചീറ്റകൾക്ക് ആഹാരമായി രാജസ്ഥാനിൽ നിന്ന് പുള്ളിമാനുകളെ എത്തിച്ചെന്ന വാർത്ത നിഷേധിച്ച് മധ്യപ്രദേശ് സർക്കാർ. ചീറ്റകൾക്ക് ആഹാരമായി രാജസ്ഥാനിൽ നിന്ന് പുള്ളിമാനുകളെ എത്തിച്ചെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.
രാജസ്ഥാൻ മരുഭൂമിയിൽ പുള്ളിമാനുകൾ വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണെന്നും അതിനാൽ ഇത്തരം വിവേകശൂന്യമായ തീരുമാനം പുനഃപരിശോധിക്കണമെന്നും അഭ്യർഥിച്ച് രാജസ്ഥാനിലെ ബിഷ്‌ണോയി സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഹരിയാനയിൽ നിന്നുള്ള ബിഷ്‌ണോയി സമുദായാംഗം സെക്രട്ടേറിയറ്റിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയും തീരുമാനത്തിനെതിരെ ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു.
എന്നാൽ ആരോപണങ്ങളെല്ലാം മധ്യപ്രദേശിലെ വനം വകുപ്പ് തള്ളികളഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ഇല്ലാതെ രാജസ്ഥാനിൽ നിന്ന് അത്തരത്തിൽ പുള്ളിമാനുകളെ കൊണ്ടുരാൻ സാധിക്കില്ലെന്ന് വനംവകുപ്പ് വിശദീകരണം നൽകി. "കുനോ നാഷണൽ പാർക്കിൽ 20,000ത്തിലധികം പുള്ളിമാനുകൾ ഉണ്ട്. അതിനാൽ പുറത്തു നിന്ന് ഇവയെ കൊണ്ടുവരുന്നു എന്ന വാർത്ത വസ്തുതാവിരുദ്ധമാണ്"- വനം വകുപ്പ് പറഞ്ഞു. സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് എട്ട് ചീറ്റകളെ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.