ഡൽഹി മേയർ തെരഞ്ഞെടുപ്പ് മൂന്നാം വട്ടവും തടസപ്പെട്ടു; സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ.എ.പി
text_fieldsന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം വീണ്ടും തടസപ്പെട്ടു. ബി.ജെ.പിയെ സഹായിക്കുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യം രൂക്ഷ തർക്കത്തിന് വഴിവെക്കുകയായിരുന്നു. മൂന്നാം തവണയാണ് തെരഞ്ഞെടുപ്പ് തടസപ്പെടുന്നത്.
ബി.ജെ.പിയുടെ 15 വർഷത്തെ അപ്രമാദിത്തം അവസാനിപ്പിച്ചുകൊണ്ടാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ എ.എ.പി അധികാരത്തിൽ വന്നത്. എന്നാൽ മൂന്നാം തവണയും അവർക്ക് മേയറെ തെരഞ്ഞെടുക്കാനായില്ല.
ലഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്ത 10 പേരുടെ വോട്ട് സംബന്ധിച്ച തർക്കമാണ് ഇത്തവണയും തെരഞ്ഞെടുപ്പ് തടസപ്പെടുത്തിയത്.
മുൻസിപ്പൽ കോർപ്പറേഷൻ ആക്ട് പ്രകാരം നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് കൗൺസിൽ യോഗങ്ങളിൽ വോട്ടധികാരമില്ല. എന്നാൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രൂക്ഷ പ്രതിഷേധമാണ് കൗൺസിലിൽ നടത്തിയത്.
10 ദിവസത്തിനുള്ളിൽ മേയർ തെരഞ്ഞെടുപ്പ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് എ.എ.പി അറിയിച്ചു. ഞങ്ങൾ തെരഞ്ഞെടുപ്പ് നടത്തണം, ഡൽഹിക്ക് മേയർ വേണം - എ.എ.പി നേതാവ് അതിഷി പറഞ്ഞു.
പ്രിസൈഡിങ് ഓഫീസർ നാമനിർദേശം ചെയ്യപ്പെട്ടവർക്കും വോട്ട് ചെയ്യാമെന്ന് അറിയിച്ചിരുന്നു. എന്നാൽ എ.എ.പി തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മീനാക്ഷി ലേഖി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.