Fact Check: ഡൽഹി ഇമാം ബി.ജെ.പിയിൽ ചേർന്നിട്ടില്ല; വിഡിയോയിലെ വസ്തുത അറിയാം
text_fieldsന്യൂഡൽഹി: ഏതാനും ദിവസങ്ങളായി ഡൽഹി ജുമാമസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു എന്ന തരത്തിലുള്ള പ്രസ്തുത വിഡിയോ മലയാളത്തിലടക്കമുള്ള ഫേസ്ബുക്, വാട്സാപ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള ബി.ജെ.പി ലോക്‌സഭാ അംഗം ഹർഷ് വർധന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തെ മാല ചാർത്തുന്നത് വിഡിയോയിൽ കാണാം. ഇമാം ബിജെപിയിൽ ചേർന്നുവെന്ന അവകാശവാദത്തോടെയാണ്ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.
ഹിസാമുദ്ദീൻ ഖാൻ എന്ന ട്വിറ്റർ ഉപയോക്താവ് മുകളിൽ പറഞ്ഞ അവകാശവാദവുമായി ഈ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. മറ്റ് നിരവധി ട്വിറ്റർ, ഫേസ്ബുക്ക് ഉപയോക്താക്കളും ഇതേ വിഡിയോയും അടിക്കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബി.ജെ.പി ഡൽഹി വക്താവും അഭിഭാഷകനുമായ നിഘത് അബ്ബാസ്, ‘ഇന്ത്യയിലെ രാജാവ് ഷാഹി ഇമാം നീണാൾ വാഴട്ടെ’ എന്ന ഹിന്ദി അടിക്കുറിപ്പോടെ വീഡിയോ ട്വീറ്റ് ചെയ്തു.
വസ്തുതാ പരിശോധന
ഈ വിഡിയോ സംബന്ധിച്ച് വസ്‍തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് പരിശോധന നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രചാരണം വ്യാജമാണെന്നാണ് അവരുടെ കണ്ടെത്തൽ. ഷാഹി ഇമാം അഹമ്മദ് ബുഖാരിയുടെ മകനും ഡൽഹി ജുമാ മസ്ജിദ് ഡെപ്യൂട്ടി ഷാഹി ഇമാമുമായ സയ്യിദ് ഷബാൻ ബുഖാരിയുമായി ആൾട്ട് ന്യൂസ് ബന്ധപ്പെട്ടു. ഷാഹി ഇമാം ബി.ജെ.പിയിൽ ചേർന്നുവെന്ന അവകാശവാദം വെറും കിംവദന്തി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്തുത വിഡിയോയിൽ കാണുന്നത് ജുമാ മസ്ജിദിലെ ടോയ്‌ലറ്റുകൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടിയാണെന്ന് ഷാഹി ഇമാമിന്റെ പേഴ്‌സണൽ സെക്രട്ടറി അമാനുല്ല ബുഖാരി അറിയിച്ചു. ഈ ചടങ്ങിലാണ് ഷാഹി ഇമാം ബി.ജെ.പി എംപിയുമായി വേദി പങ്കിട്ടത്.
“ഷാഹി ഇമാം അഹമ്മദ് ബുഖാരിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അടുത്തിടെ വന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്. ഡൽഹി ജുമാമസ്ജിദിലെ ശുചിമുറികളുടെ നവീകരണമാണ് വിഡിയോയിലെ ചടങ്ങ്. ഈ ടോയ്‌ലറ്റുകൾ നവീകരിക്കുന്നതിനുള്ള പ്ലാൻ മസ്ജിദ് അധികൃതർ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് അയച്ചിരുന്നുവെങ്കിലും കഴിഞ്ഞ ഒന്നരവർഷമായി ഒരു പ്രതികരണവുമുണ്ടായില്ല. ശുചിമുറി നവീകരണത്തിനായി ഫണ്ട് അനുവദിക്കാൻ പ്രദേശത്തെ ലോക്‌സഭാ എം.പിയായ ഡോ. ഹർഷ് വർധനുമായി ഞങ്ങൾ ബന്ധപ്പെട്ടു. അതിന്റെ ഉദ്ഘാടന പ്രോഗ്രാമിന്റെതാണ് ഇപ്പോൾ വൈറലായ വീഡിയോ” -അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ യൂട്യൂബ് വീഡിയോയും അദ്ദേഹം ആൾട്ട് ന്യൂസുമായി പങ്കുവച്ചു. ഹിന്ദുസ്ഥാൻ ലൈവ് ഫർഹാൻ യഹിയ എന്ന യൂട്യൂബ് വാർത്താ ചാനലിന്റെ വീഡിയോ റിപ്പോർട്ടാണിത്. ശൗചാലയങ്ങളുടെ ഉദ്ഘാടന കാര്യം റിപ്പോർട്ടർ വിശദീകരിക്കുന്നത് ഈ വിഡിയോയിൽ കാണാം. ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി ബി.ജെ.പിയിൽ ചേർന്നുവെന്ന അവകാശവാദം തെറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.