തടവറകൾ സ്ഥാപിക്കാൻ പൗരത്വ നിയമം, എൻ.ആർ.സി എന്നിവയിൽ വകുപ്പില്ലെന്ന് കേന്ദ്രം രാജ്യസഭയിൽ
text_fields
ന്യൂഡൽഹി: രാജ്യത്ത് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവയിലെ വകുപ്പുകൾ പ്രകാരം തടവറകൾ സ്ഥാപിക്കാനാകില്ലെന്ന് കേന്ദ്രം. രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്. എന്നാൽ, അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാർപ്പിക്കാൻ സംസ്ഥാന സർക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് തടവറകൾ സ്ഥാപിക്കുന്നതെന്നും മറുപടിയിൽ പറയുന്നു.
ദേശീയ ജനസംഖ്യ രജിസ്റ്റർ ദേശീയാടിസ്ഥാനത്തിൽ തയാറാക്കാൻ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയിൽ കേന്ദ്രം വിശദീകരിച്ചു.
2019 ഡിസംബർ മുതൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. നാലുമാസം തുടർന്ന പ്രതിഷേധത്തിനൊടുവിലും നിയമം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചിരുന്നു. അയൽരാജ്യങ്ങളിൽനിന്ന് രാജ്യത്തെത്തുന്ന ഹിന്ദു, സിഖ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ, ബുദ്ധമത വിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.