മഹാ വികാസ് അഘാഡിയിൽ തർക്കങ്ങളില്ല; വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് സഞ്ജയ് റാവത്ത്
text_fieldsമുംബൈ: മഹാ വികാസ് അഘാഡിയിൽ തർക്കങ്ങളോ വ്യത്യാസങ്ങളോ ഇല്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തങ്ങൾ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ പോവുന്നത് കൊണ്ടാണ് സ്ഥാനാർഥി പട്ടിക വൈകുന്നത്. ഇന്ന് വൈകീട്ട് നാല് മണിക്ക് സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാ വികാസ് അഘാഡിയിൽ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് പ്രത്യേക ഫോർമുലയൊന്നും ഇല്ല. ഞങ്ങൾ സർക്കാർ രൂപീകരിക്കും. മറ്റുള്ളവർ പ്രതിപക്ഷത്ത് ഇരിക്കും. അധികാരത്തിലെത്താനുള്ളതിനാൽ സ്ഥാനാർഥികളെ വളരെ സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുക്കുന്നത്. ഇന്ന് വൈകീട്ട് നാല് മണിക്കകം പൂർണമായ സ്ഥാനാർഥി പട്ടിക പുറത്തിറക്കും. കഴിഞ്ഞ രാത്രി തന്നെ സ്ഥാനാർഥി പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. എല്ലാം നല്ല രീതിയിൽ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ കൂട്ടത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളില്ല. ഇത്തവണ നൂറിലേറെ സീറ്റുകൾ നേടും. അതേസമയം തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയും പറഞ്ഞു. വലിയ ഭൂരിപക്ഷത്തോടെ മഹായുതി സഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം. വൈകാതെ രണ്ടാംഘട്ട പട്ടികയും പുറത്തുവിടുമെന്ന് ഷിൻഡെ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 105 സീറ്റിലും ശിവസേന 56 സീറ്റിലും കോൺഗ്രസ് 44 എണ്ണത്തിലുമാണ് വിജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 122 സീറ്റിൽ ജയിച്ചപ്പോൾ ശിവസേന 63 സീറ്റ് നേടി. കോൺഗ്രസ് 42 എണ്ണത്തിലും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.