Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിലർക്ക് അമാനുഷികനും...

ചിലർക്ക് അമാനുഷികനും ഭഗവാനുമാകാൻ ആഗ്രഹം; മോദിക്കെതിരെ ഒളിയമ്പുമായി മോഹൻ ഭാഗവത്

text_fields
bookmark_border
ചിലർക്ക് അമാനുഷികനും ഭഗവാനുമാകാൻ ആഗ്രഹം; മോദിക്കെതിരെ ഒളിയമ്പുമായി മോഹൻ ഭാഗവത്
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ചിലർക്ക് അമാനുഷികനും ഭാഗവാനുമാകാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് താൻ ഒരിക്കലും ആശങ്കപ്പെടുന്നില്ലെന്നും നിരവധിപേർ അതിന്‍റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുന്നുണ്ടെന്നും അത് ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഝാർഖണ്ഡിലെ ഗുംലയിൽ സന്നദ്ധ സംഘടനയായ വികാസ് ഭാരതിയുടെ പ്രവർത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനായിട്ടും ചില ആളുകൾക്ക് മാനുഷിക ഗുണങ്ങളൊന്നും ഇല്ലെന്നും അവർ ആദ്യം അത് വളർത്തിയെടുക്കണമെന്നും ഭാഗവത് വ്യക്തമാക്കി. ‘ചില ആളുകൾ സൂപ്പർമാൻ ആകണമെന്ന് ആഗ്രഹിക്കുന്നു. പിന്നെ ദേവതയാകണമെന്നും ഭഗവാനാകണമെന്നും തോന്നും. ഭാഗവനായി കഴിഞ്ഞാൽ പിന്നെ അവർക്ക് വിശ്വരൂപം ആകാനാണ് ആഗ്രഹം. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല’ -ഭാഗവത് പറഞ്ഞു.

മാനുഷിക ഗുണങ്ങൾ കൈവരിച്ചതിനുശേഷം മാത്രമേ ഒരാൾക്ക് അമാനുഷികനും തുടർന്ന് 'ദേവത', 'ഭഗവാൻ' എന്നീ പദവികളും ആഗ്രഹിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്തരികവും ബാഹ്യവുമായ വികാസത്തിന് പരിധിയില്ലെന്നും മനുഷ്യത്വത്തിന് വേണ്ടി അക്ഷീണം പ്രവർത്തിക്കണമെന്നും ഒരു തൊഴിലാളി ഒരിക്കലും തന്‍െ ജോലിയിൽ തൃപ്തനാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പിയും ആർ.എസ്.എസും തമ്മിൽ ഭിന്നതയുണ്ടെന്ന ആരോപണം ശക്തമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്‍റെ ജനനം ജൈവികമായ ഒന്നല്ലെന്നും ഈശ്വരനാണ് തന്നെ അയച്ചതെന്നും മോദി പറഞ്ഞിരുന്നു. ‘അമ്മ ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാണെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനു ശേഷം, എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഈശ്വരൻ എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായി. ഈ ഊർജം എന്റെ ശരീരം തരുന്നതല്ല, ഈശ്വരൻ തരുന്നതാണ്. ഒരു ലക്ഷ്യം സാക്ഷാത്കരിക്കാനായി ദൈവം കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയതായി ഞാൻ വിശ്വസിക്കുന്നു. ഞാൻ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാൽ എന്തു ചെയ്യുമ്പോഴും ഈശ്വരൻ എന്നെ നയിക്കുന്നതായി ഞാൻ കരുതുന്നു’ -ഒരു ചാനൽ അഭിമുഖത്തിൽ അന്ന് മോദി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടേതായ സ്വഭാവമുണ്ടെന്നും പലരും പേരും പ്രശസ്തിയും ആഗ്രഹിക്കാതെ രാജ്യത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഭാഗവത് കൂട്ടിച്ചേർത്തു. നമുക്ക് വ്യത്യസ്ത ആരാധന രീതികളാണ്. 33 കോടി ദേവന്മാരും 3,800ലധികം ഭാഷകളും ഇവിടെ സംസാരിക്കുന്നുണ്ട്, ഭക്ഷണ ശീലങ്ങൾ പോലും വ്യത്യസ്തമാണ്. എന്നാൽ, നമ്മുടെ മനസ്സ് ഒന്നാണ്, മറ്റ് രാജ്യങ്ങളിൽ ഇത് കണ്ടെത്താനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിക്ക് ശേഷം സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത ഇന്ത്യയാണെന്ന് ലോകത്തിനു മുഴുവൻ മനസ്സിലായെന്നും ഭാഗവത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimohan bhagwatRSS
News Summary - No end to human ambition, people should work for mankind: Mohan Bhagwat
Next Story