സിൽവർ ലൈനിന് പരിസ്ഥിതി അനുമതി വേണ്ട -കേന്ദ്രം
text_fieldsന്യൂഡൽഹി: കേരള സർക്കാർ നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് പ്രത്യേക പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. മെട്രോ അടക്കമുള്ള റെയിൽവേ പദ്ധതികൾ പരിസ്ഥിതി അനുമതി ആവശ്യമായ നിർമാണ പ്രവർത്തനങ്ങളുടെ പരിധിയിൽ വരില്ലെന്ന് പരിസ്ഥിതി സഹമന്ത്രി അശ്വിനികുമാർ ചൗബെ പാർലമെന്റിൽ പറഞ്ഞു. കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച 2006ലെ വിജ്ഞാപനത്തിൽ പറയുന്ന ഏതൊരു പദ്ധതിക്കും പരിസ്ഥിതി അനുമതി ആവശ്യമുണ്ട്. 39 ഇനം നിർമാണ പ്രവൃത്തികൾക്കാണ് ഇത്തരത്തിൽ മുൻകൂർ അനുമതി വേണ്ടതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, മെട്രോ അടക്കം റെയിൽവേ പദ്ധതികൾ ഈ വിജ്ഞാപനത്തിന്റെ പരിധിയിൽ വരില്ല.
സിൽവർ ലൈനിന് പരിസ്ഥിതി അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. ദ്രുത പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചതെന്നുമാണ് കേരള റെയിൽ വികസന കോർപറേഷൻ നൽകിയിട്ടുള്ള വിവരം. പരിസ്ഥിതി അനുമതി വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന കാര്യം റെയിൽവേ മന്ത്രാലയം പരിശോധിക്കാറുണ്ട്. പരിസ്ഥിതി അനുമതി ചട്ടങ്ങൾ പാലിക്കാൻ റെയിൽവേ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.