ലുധിയാന സ്ഫോടനം: പാക്, ഖലിസ്ഥാൻ ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി
text_fieldsചണ്ഡീഗഢ്: ഒരാളുടെ മരണത്തിനിടയാക്കിയ ലുധിയാന കോടതി സ്ഫോടനത്തിൽ പാക് സംഘടകളുടെയോ ഖലിസ്ഥാൻ ഗ്രൂപ്പുകളുടെയോ ബന്ധം തെളിയിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി. സംഭവം കേന്ദ്രസംഘം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനം ഭീകരാക്രമണമാണെന്ന് സംസ്ഥാന ആഭ്യന്തര സുരക്ഷാ സംഘം ചൂണ്ടിക്കാണിക്കുകയും പുറത്ത് നിന്നുള്ള ഭീകരസംഘടനകളുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി സുഖ്ജീന്ദർ സിങ് രൺധാവ പറഞ്ഞതിന് പിന്നാലെയുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുൻ മന്ത്രി ബിക്രം സിങ് മജിദിയ അറസ്റ്റുചെയ്യപ്പെട്ട മയക്കുമരുന്ന് കേസുമായി കോടതി സ്ഫോടനത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കേസിന്‍റെ വാദം മൊഹാലി കോടതിയിൽ നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നും അതിനാൽ സ്ഫോടനവുമായി കേസ്സിന് പങ്കുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് വിട്ട് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പ്രതിപക്ഷ പാർട്ടികളും മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഒരു അന്വേഷണവും നടത്താതെ അകാലി നേതാവിനെതിരെ ചുമത്തിയ എഫ്.ഐ.ആറും സ്ഫോടനവും തമ്മിൽ ബന്ധിപ്പിക്കുക വഴി മുഖ്യമന്ത്രി നിരുത്തരവാദപരമായി പെരുമാറുകയാണെന്ന് അമരീന്ദർ സിങ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.