മധുരമില്ലാതെ അതിർത്തിയിലെ ഇൗദുൽ ഫിത്ർ
text_fieldsന്യൂഡൽഹി: ആഘോഷവേളകളിലെ മധുരക്കൈമാറ്റം ഇത്തവണ ഇൗദുൽ ഫിത്റിന് വാഗ അതിർത്തിയിൽ ഉണ്ടായില്ല. എത്ര സംഘർഷമുണ്ടായിരുന്നാലും ഇൗദും ദീപാവലിയും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവുമൊക്കെ വരുേമ്പാൾ ഇന്ത്യയിലെയും പാകിസ്താനിലെയും സൈനികർ മധുരം കൈമാറുന്ന ചടങ്ങ് മുടങ്ങുന്നത് അപൂർവമാണ്. ഇത് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ മനസ്സിൽപോലും സൗഹൃദത്തിെൻറ മധുരം പൊതിയാറുണ്ട്.
എന്നാൽ, ഇത്തവണ റമദാൻ പ്രമാണിച്ച് ഇന്ത്യ പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ച് നിരന്തരം ആക്രമണമുണ്ടായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലെയും സൈനികർ മധുരക്കൈമാറ്റം ഉപേക്ഷിക്കുകയായിരുന്നു. റജൗരി ജില്ലയിൽ ശനിയാഴ്ചയും പാക് വെടിവെപ്പിൽ പട്രോൾ സംഘത്തിെൻറ ഭാഗമായിരുന്ന ഇന്ത്യൻ സൈനികൻ 21കാരനായ ബികാസ് ഗുരുങ് കൊല്ലപ്പെട്ടു.
പ്രകോപനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ഇൗദ് ദിനത്തിൽ പോലും പാകിസ്താെൻറ ഭാഗത്തുനിന്നുണ്ടായ വെടിനിർത്തൽ ലംഘനം അധാർമികമാണെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, പാകിസ്താെൻറ നിരന്തരമുള്ള പ്രകോപനങ്ങളോട് ഇന്ത്യൻ സൈന്യം പരമാവധി ആത്മസംയമനം പുലർത്തിയതായും അേദ്ദഹം കൂട്ടിച്ചേർത്തു. റമദാൻ പ്രമാണിച്ച് മേയ് ആദ്യമാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കശ്മീരിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ശനിയാഴ്ചയോടെ സമയം അവസാനിച്ചെങ്കിലും വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വെടിനിർത്താനുള്ള സർക്കാർ തീരുമാനം കശ്മീർ ജനത സ്വാഗതം ചെയ്തിരുന്നതായും അവിടത്തെ നിലവിലെ സാഹചര്യം വിലയിരുത്തിയാകും അടുത്ത നടപടിയെന്നും ആഭ്യന്തര സഹമന്ത്രി ഹൻസരാജ് അഹിർ പറഞ്ഞു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും വാഗ അതിർത്തിയിൽ ഇന്ത്യൻ സൈന്യം പതിവു ചടങ്ങായ മധുരക്കൈമാറ്റം ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടാകുമെന്നായിരുന്നു ബി.എസ്.എഫ് ഡയറക്ടർ ജനറൽ കെ.കെ. ശർമയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.