ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ചുമത്തി യു.പിയിൽ പൊലീസ് കേസ്; റദ്ദാക്കിയ വകുപ്പാണെന്ന് അറിയില്ലേയെന്ന് കോടതി
text_fieldsലഖ്നോ: 2015ൽ സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ചുമത്തി യു.പി പൊലീസ് കേസെടുത്ത സംഭവത്തിൽ അലഹബാദ് ഹൈകോടതിയുടെ വിമർശനം. അന്വേഷണ ഉദ്യോഗസ്ഥർ മനസാന്നിധ്യത്തോടുകൂടിയല്ലേ വകുപ്പ് ചുമത്തുന്നതെന്നും കോടതി ചോദിച്ചു. തനിക്കെതിരെ പൊലീസ് 66 എ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ഹരജിയിലാണ് കോടതി പൊലീസിനെ വിമർശിച്ചത്.
ഐ.ടി നിയമത്തിലെ 66 എ പ്രകാരം ഇനിയൊരു കേസും രജിസ്റ്റർ ചെയ്യരുതെന്ന കാര്യം എല്ലാ ജില്ല കോടതികൾക്കും ഡി.ജി.പിക്കും അറിയിപ്പായി നൽകാനും ഹൈകോടതി നിർദേശിച്ചു.
സുപ്രീംകോടതി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് നേരത്തെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഈ വകുപ്പ് ചുമത്തി എടുത്ത കേസുകൾ പിൻവലിക്കാൻ പൊലീസിന് സംസ്ഥാന സർക്കാറുകൾ നിർദേശം നൽകണമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ഓൺലൈനിൽ കുറ്റകരമായ രീതിയിൽ കമൻറ് ചെയ്യുന്നവർക്കെതിരെ ജയിൽശിക്ഷ നൽകുന്ന ഐ.ടി നിയമത്തിലെ വകുപ്പാണ് 66 എ. ഇലക്ട്രോണിക് മാധ്യമത്തിലൂടെ കുറ്റകരമായതോ ഭയപ്പെടുത്തുന്നതോ അപമാനിക്കുന്നതോ വ്യാജമായതോ ആയ സന്ദേശം അയക്കുന്നവർക്ക് തടവുശിക്ഷ നൽകുന്നതാണ് 66 എ വകുപ്പ്. ഈ വകുപ്പനുസരിച്ച് മൂന്നു വർഷം വരെ തടവും പുറമെ പിഴയും വിധിക്കാനാകുമായിരുന്നു. 2015ൽ ശ്രേയ സിംഗാൾ കേസിലാണ് 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അവ്യക്തവും ഏകപക്ഷീയവുമായ നിയമമാണെന്ന് പറഞ്ഞു കൊണ്ടാണ് 66 എ സുപ്രീംകോടതി റദ്ദാക്കിയത്.
എന്നാൽ, തുടർന്നും 1000ത്തിലേറെ കേസുകൾ വകുപ്പിന് കീഴിൽ പൊലീസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്നതായി പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് സംഘടന സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. വിഷയം ഞെട്ടലുളവാക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.