ഭക്ഷണമോ വെള്ളമോ ഇല്ല; തെലങ്കാനയിൽ നിന്നും ഛത്തീസ്ഗഡിലേക്ക് തൊഴിലാളികളുടെ ട്രക്ക് യാത്ര
text_fieldsറായ്പൂർ: സംസ്ഥാനങ്ങൾ പ്രത്യേക ട്രെയിനും വാഹനങ്ങളും ഏർപ്പെടുത്തിയിട്ടും സ്വന്തം നാട്ടിലെത്താനുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ ദുരിതം നീളുന്നു. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഇല്ലാതെ തെലങ്കാനയിൽ നിന്നും ഒരു സംഘം തൊഴിലാളികൾ ഛത്തീസ്ഗഡിലേക്ക് തിരിച്ചത് ടാർപോളിൻ കൊണ്ട് പോലും മറക്കാത്ത ട്രക്കിൽ. റായ്പൂരിനടുത്ത് ദേശീയപാതയിൽ നിർത്തിയിട്ട ഹെവി ലിഫ്റ്റ് ട്രക്കിന് പിറകിൽ പൊരിവെയിലും കൊണ്ടിരിക്കുന്ന തൊഴിലാളികളെ മാധ്യമപ്രവർത്തകർ കണ്ടെത്തുമ്പോൾ അവർ 800 കിലോമീറ്ററിലധികം പിന്നിട്ടിരുന്നു.
കനത്ത വെയിലേറ്റ് ചുട്ടുപഴുത്ത ട്രക്കിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറോളം പേരാണ് ഉണ്ടായിരുന്നത്. ഹൈദരാബാദിൽ നിന്നും കയറിയ തൊഴിലാളികളും കുടുംബവും നാലു ദിവസമാണ് ട്രക്കിൽ യാത്ര ചെയ്തത്.
‘‘ഛത്തീസ്ഗഡ് സർക്കാർ ഒരു സൗകര്യവും സഹായവും നൽകിയില്ല. കൈതൊട്ടാൽ പൊള്ളുന്ന ട്രക്കിലിരുന്നാണ് ഞങ്ങൾ നാലു ദിവസം യാത്ര ചെയ്തത്. ഭക്ഷണമില്ല, കുടിക്കാൻ ആവശ്യത്തിന് വെള്ളവുമില്ല’’ - ട്രക്കിലുള്ള തൊഴിലാളികളിലെരാൾ പറയുന്നു.
സൂര്യാതപമേൽക്കാതിരിക്കാൻ കുട്ടികളെ അമ്മമാർ സാരി ഉപയോഗിച്ച് മൂടിയിട്ടുണ്ട്. മുഖത്തേക്ക് വെയിലും പൊടിയും അടിക്കുന്നത് തടയാൻ ചിലർ തോർത്ത് തലയിലിട്ട് ഇരിക്കുന്നു. മാധ്യമപ്രവർത്തകരെ കണ്ടതും കുട്ടികൾക്കെങ്കിലും ഭക്ഷണവും വെള്ളവും നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് മടങ്ങാൻ പോലും പണമില്ലാതായെന്നും അതുകൊണ്ടാണ് അനധികൃതമായി ട്രക്കിൽ യാത്രതുടർന്നതെന്നും തൊഴിലാളികൾ പറയുന്നു.
ലോക്ഡൗൺ ഇളവു ചെയ്തതോടെ ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. കേന്ദ്രസർക്കാർ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റിന് പണമില്ലാത്തതിനാലും കൃത്യമായ രേഖകളില്ലാത്തിനാലും നിരവധിപേരാണ് ദിവസങ്ങളോളം നടന്നും സൈക്കിളിലും ട്രക്കുകളിലും മറ്റ് വാഹനങ്ങളിലും കയറിയും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.