അതിര്‍ത്തിയില്‍ റോന്തു ചുറ്റുന്നതില്‍നിന്ന് ഒരു ശക്തിക്കും ഇന്ത്യൻ സൈന്യത്തെ തടയാനാവില്ല -പ്രതിരോധ മന്ത്രി
text_fieldsന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ റോന്തു ചുറ്റുന്നതില്‍നിന്ന് ഭൂമിയിലെ ഒരു ശക്തിക്കും ഇന്ത്യന്‍ സൈന്യത്തെ തടയാനാവില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖക്ക് സമീപമുള്ള ആയിരം ചതുരശ്ര കിലോമീറ്റർ നിയന്ത്രണത്തിലാക്കിയ ചൈന ഇന്ത്യന്‍ സേനയെ റോന്തുചുറ്റാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തകള്‍ക്കിടയിലാണ് രാജ്യസഭയിൽ മന്ത്രിയുടെ പ്രസ്താവന.
ഇന്ത്യ പരമ്പരാഗതമായി റോന്തുചുറ്റുന്ന പോസ്റ്റുകളില്േപാലും ചൈന ഇപ്പോള്‍ അതിനനുവദിക്കുന്നില്ല എന്ന മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആൻറണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാജ്നാഥ്. ഇന്ത്യയും ചൈനയും ആഗസ്റ്റ് എട്ടിന് മേജര്‍തല ചര്‍ച്ച നടന്ന ഡെസ്പാങ്ങില്‍ അഞ്ച് പോയൻറുകളില്‍ ഇന്ത്യന്‍ സൈന്യത്തെ റോന്തു ചുറ്റുന്നതില്‍നിന്ന് ചൈന തടയുന്നു എന്നാണ് റിപ്പോർട്ട്. കിഴക്കന്‍ ലഡാക്കില്‍ സൈന്യങ്ങള്‍ റോന്തുചുറ്റുന്ന പാറ്റേണിന് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് രാജ്നാഥ് രാജ്യസഭക്ക് ഉറപ്പു നല്‍കി. റോന്തുചുറ്റുന്ന പാറ്റേണ്‍ കൃത്യമായി നിര്‍വചിച്ചതാണ്. ഭൂമിയിലെ ഒരു ശക്തിക്കും റോന്തുചുറ്റലില്‍നിന്ന് ഇന്ത്യന്‍ സേനയെ തടയാനാവില്ല. വിഷയത്തിൻെറ വൈകാരികത സഭ മനസ്സിലാക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ തനിക്ക് പറയാനാവില്ലെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
സൈനികരുടെ സന്നാഹങ്ങളുടെയും സംഘര്‍ഷമുണ്ടായ പോയൻറുകളുടെയും കാര്യത്തില്‍ ഈ വര്‍ഷം വലിയ വ്യത്യാസമുണ്ടെങ്കിലും സമാധാനപരമായ പ്രശ്നപരിഹാരത്തിന് നാം പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ കൈകള്‍കൊണ്ട് ഒരു യുദ്ധം ആരംഭിച്ചേക്കാം. എന്നാല്‍, അതിൻെറ അവസാനം നമ്മുടെ കൈകളിലാവില്ല. സമാധാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന സമയത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ആശ്ചര്യമുണ്ട്. രാജ്യത്തെ തോല്‍ക്കാന്‍ അനുവദിക്കില്ലെന്ന് 130 കോടി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. ആര്‍ക്കു മുമ്പിലും നാം കുനിയുകയില്ല. ആരെങ്കിലും നമുക്ക് മുമ്പില്‍ കുനിയണമെന്നത് നമ്മുടെ ഉദ്ദേശ്യവുമല്ല. ചൈന പറഞ്ഞതും ചെയ്തതും തമ്മില്‍ വ്യത്യാസമുണ്ട്. ആഗസ്റ്റ് 29നും 30നും രാത്രി ചൈന തന്ത്രപരമായ സൈനിക നീക്കം നടത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക, നയതന്ത്ര സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട നേരത്തായിരുന്നു ഇതെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.