കോഴിപ്പോരിനിടെ 'കുത്തിക്കൊല'; കാലിൽ കത്തിയുമായെത്തിയ കോഴിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
text_fieldsഹൈദരാബാദ്: കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ച സംഭവത്തിൽ കോഴിയെയും സംഘാടകരെയും കസ്റ്റഡിയിലെടുത്ത് തെലങ്കാന പൊലീസ്. ഫെബ്രുവരി 22നായിരുന്നു സംഭവം. തെലങ്കാനയിലെ ജഗ്ത്യാല്‍ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ നടന്ന കോഴിപ്പോരിനിടെ പോരുകോഴിയുടെ കാലില്‍ കെട്ടിയ കത്തി ജനനേന്ദ്രിയത്തില്‍ കുത്തിക്കയറിയായിരുന്നു അപകടം. വൃഷണഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ തനുഗുള സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കോണ്ടാപൂർ ഗ്രാമവാസിയായ സതീഷ്, 'കോടി കത്തി' എന്നറിയപ്പെടുന്ന മൂന്ന് ഇഞ്ച് നീളമുള്ള കത്തി തന്‍റെ കോഴിയുടെ കാലിൽ കെട്ടി പോരിന് വിടുകയായിരുന്നു. പോരിനിടെ കോഴി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് തടയാനായി സതീഷ് കോഴിയെ പിടിച്ചപ്പോൾ കത്തി അയാളുടെ ഞരമ്പിൽ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതീഷ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. തെലങ്കാനയില്‍ കോഴിപ്പോരും കോഴിപ്പന്തയവും നിരോധിച്ചിട്ടുള്ളതാണ്.
യെല്ലമ്മ ക്ഷേത്രത്തില്‍ രഹസ്യമായിട്ടായിരുന്നു പോര് സംഘടിപ്പിച്ചത്. അന്വേഷണം നടത്തിയ ശേഷം ഗൊല്ലാപ്പള്ളി പൊലീസ് കത്തി കാലില്‍ കെട്ടിയ പൂവന്‍ കോഴിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍ കഴിയുന്ന കോഴിയെ പൊലീസുകാരാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്. കോഴിയെ നോക്കാനായി ഒരു കോൺസ്റ്റബിളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോരിൽ പങ്കെടുത്ത 15 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഗൊല്ലപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി ജീവൻ അറിയിച്ചു. തെളിവിനായി കോഴിയെ പൊലീസ് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.