പ്രചാരണത്തിന് പണമില്ലെന്ന്; പുരിയിലെ കോൺഗ്രസ് സ്ഥാനാർഥി പിന്മാറി
text_fieldsഭുവനേശ്വർ: പ്രചാരണപ്രവർത്തനങ്ങൾക്ക് പാർട്ടി പണം നൽകുന്നിെല്ലന്ന് ആരോപിച്ച് ഒഡീഷ പുരി ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പിന്മാറി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുവെന്നും ഫലപ്രദമായ പ്രചാരണം നടത്താൻ സാധിക്കുന്നില്ലെന്നും പറഞ്ഞാണ് സ്ഥാനാർഥി സുചരിത മൊഹന്തി പിന്മാറിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് അവർ കത്ത് നല്‍കി.
പുരി ലോക്‌സഭാ സീറ്റിലേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കും മേയ് 25 നാണ് വോട്ടെടുപ്പ്. മേയ് ആറാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സുചാരിത നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. ബി.ജെ.പിയുടെ സാംബിത് പാത്രയും ബി.ജെ.ഡിയുടെ അരൂപ് പട്‌നായിക്കുമാണ് പുരിയിലെ മറ്റ് സ്ഥാനാര്‍ഥികള്‍. ഇരുവരും ഇതിനകം നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു.
പൊതുജനങ്ങളിൽ നിന്ന് ഫണ്ട് പിരിക്കാനും പരമാവധി ചെലവ് ചുരുക്കാനും ശ്രമം നടത്തിയെങ്കിലും പ്രചാരണം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ലെന്ന് കോൺഗ്രസ് സ്ഥാനാർഥി സുചരിത മൊഹന്തി പറഞ്ഞു. ‘എനിക്ക് പാർട്ടി ഫണ്ട് തരുന്നില്ല. ബി.ജെ.പിക്കും ബി.ജെ.ഡിക്കും പണക്കൂന തന്നെയുണ്ട്. എല്ലായിടത്തും അവർ വാരിക്കോരി ചിലവഴിക്കുകയാണ്. ഈ രീതിയിൽ എനിക്ക് മത്സരിക്കാൻ താൽപര്യമില്ല. നിയമസഭ മണ്ഡലങ്ങളിലാകട്ടെ, ദുർബലരായ സ്ഥാനാർഥികൾക്കാണ് പാർട്ടി ടിക്കറ്റ് നൽകിയത്’ -സുചരിത പറഞ്ഞു.
ഭരണത്തിലുള്ള ബി.ജെ.പി സർക്കാർ കോൺഗ്രസിനെ സാമ്പത്തികമായി ഞെരുക്കിയതായി അവർ പറഞ്ഞു. ‘എനിക്ക് ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തണം. പക്ഷേ ഫണ്ടിന്റെ അഭാവം കാരണം അത് സാധ്യമല്ല. പാർട്ടിക്കും ഉത്തരവാദിത്തമില്ല. ബി.ജെ.പി സർക്കാർ പാർട്ടിയെ തളർത്തിയിരിക്കുകയാണ്. പണം ചെലവഴിക്കുന്നതിന് ധാരാളം നിയന്ത്രണങ്ങളുണ്ട്’ -സുചരിത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.