ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തൽസ്ഥിതി തുടരണം- സുപ്രീംകോടതി
text_fieldsബംഗളൂരു: ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനംസംബന്ധിച്ച കേസിൽ കുറച്ചുനാളേക്ക് തൽസ്ഥിതി തുടരണമെന്ന് കർണാടക സർക്കാറിനോട് സുപ്രീംകോടതി. ഈദ്ഗാഹ് ൈമതാനത്തിന് പകരം ഗണേശ ചതുർഥി പൂജ മറ്റെവിടെയെങ്കിലും നടത്താനും ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് കർണാടക സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു. ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദേശിച്ചു. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായമുയർന്നതിനെ തുടർന്ന് ഹരജി ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് കൈമാറിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച മൂന്നംഗബെഞ്ചാണ് പിന്നീട് ഹരജിയിൽ വാദംകേട്ടത്. ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചിൽ ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ, എം.എം. സുന്ദരേശ് എന്നിവരായിരുന്നു മറ്റംഗങ്ങൾ.
ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിൽ കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ചിരുന്നെങ്കിലും അന്തിമ വിധിയിൽ ഗണേശ പൂജ നടത്താൻ കർണാടക സർക്കാറിന് അനുമതി നൽകുകയായിരുന്നു. ഇതനുസരിച്ച് ചാമരാജ് പേട്ട് ഒക്കൂട്ട സമിതി എന്ന പേരിൽ സർക്കാറിനെ സമീപിച്ച ഹിന്ദുത്വ സംഘടനാപ്രതിനിധികൾക്ക് രണ്ടുദിവസം (ബുധൻ, വ്യാഴം) ഗണേശപൂജക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഇതുചോദ്യം ചെയ്ത് സെൻട്രൽ മുസ്‍ലിം അസോസിയേഷൻ ഓഫ് കർണാടകയും കർണാടക സംസ്ഥാന വഖഫ് ബോർഡും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ എന്നിവർ ഹാജരായി. എതിർഭാഗത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാകൻ മുകുൾ റോഹ്തഗി എന്നിവരും ഹാജരായി.
ചാമരാജ്പേട്ടിലേത് ഈദ്ഗാഹ് മൈതാനമാണെന്നും വഖഫ് ഭൂമിയാണെന്നും മറ്റു മതചടങ്ങുകൾക്ക് അതുപയോഗിക്കാൻ അനുമതി നൽകരുതെന്നും കപിൽസിബൽ ആവശ്യപ്പെട്ടു. 200 വർഷമായി തുടരുന്ന സ്ഥിതി മാറ്റാനാണ് കർണാടക സർക്കാർ ശ്രമിക്കുന്നതെന്ന് ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. 200 വർഷത്തോളം അവിടെ മറ്റൊരു മതചടങ്ങുകളും നടന്നിട്ടില്ലേ എന്നുചോദിച്ച ബെഞ്ച്, എന്നാൽ, അതങ്ങനെ തന്നെ തുടരട്ടെയെന്ന് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.