സ്വവര്‍ഗ വിവാഹം: സുപ്രീംകോടതിയുടെ തിടുക്കം വേദനാജനകമെന്ന് വി.എച്ച്.പി
text_fieldsന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കാൻ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ സാധുത നല്‍കുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും സംഘടന അറിയിച്ചു.
സുപ്രീംകോടതിയുടെ തിടുക്കം വേദനാജനകമാണെന്ന് അയോധ്യയിൽ ചേർന്ന വി.എച്ച്.പി നിയമകാര്യ സംഘടനയായ ‘വിധി പ്രകോഷ്ഠ’യുടെ രണ്ടാം ദേശീയ കൺവെൻഷൻ കുറ്റപ്പെടുത്തി. കോടിക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്ന രാജ്യത്ത് ഇത്തരത്തിലുള്ള പരിഹാസ്യമായ കേസുകളുടെ പുറകേ കോടതികള്‍ നടക്കുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. രാജ്യത്തിന്റെ ഭരണഘടനയേയും പാര്‍ലമെന്റിനേയും തന്നെ ഗുരുതരമായി ബാധിക്കുന്ന നീക്കമാണ് കോടതിയില്‍ നടക്കുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് ആരോപിച്ചു.
ദാരിദ്ര്യ നിർമ്മാർജ്ജനം, സൗജന്യ വിദ്യാഭ്യാസം നടപ്പാക്കൽ, മലിനീകരണ നിയന്ത്രണം, ജനസംഖ്യാ നിയന്ത്രണം തുടങ്ങി സാമൂഹിക-സാമ്പത്തിക മേഖലകളിൽ രാജ്യം നിരവധി സുപ്രധാന പ്രശ്‌നങ്ങളാണ് കോടതി പരിഗണിക്കേണ്ടത്. ഇന്ത്യയിൽ വിവാഹത്തിന് നാഗരിക പ്രാധാന്യമുണ്ട്. ജൈവികമായ ആണും പെണ്ണും തമ്മിലുള്ള വിവാഹത്തെയാണ് ഇന്ത്യൻ സമൂഹം വിവാഹമായി അംഗീകരിക്കുന്നത്. മഹത്തായ സ്ഥാപനത്തെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും സമൂഹം ശക്തമായി എതിർക്കണം. ഇന്ത്യൻ സാംസ്കാരിക നാഗരികത നൂറ്റാണ്ടുകളായി നിരന്തരം ആക്രമിക്കപ്പെടുന്നുവെങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു. ഇപ്പോൾ പാശ്ചാത്യ ചിന്തകളുടെയും തത്ത്വചിന്തകളുടെയും പ്രയോഗങ്ങളുടെയും അതിപ്രസരം വഴി രാഷ്ട്രത്തിന്റെ സാംസ്കാരിക വേരുകൾ ആക്രമണം നേരിടുകയാണ് -വി.എച്ച്.പി സമ്മേളനപ്രമേയത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.