വീണ്ടും ജി.എസ്.ടി ഗഡു കേരളത്തിന് ഇല്ല
text_fieldsന്യൂഡൽഹി: കേരളത്തിന് ചരക്കുസേവന നികുതി (ജി.എസ്.ടി) നഷ്ടപരിഹാര തുകയിൽ വിട്ടുകിട്ടാൻ ബാക്കിനിൽക്കുന്ന 750 കോടിയോളം രൂപ അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) സാക്ഷ്യപത്രം ഇനിയും നൽകാത്തതിനാൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആവർത്തിച്ച് കേന്ദ്രം.
കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിന്റെ ശനിയാഴ്ച നടന്ന യോഗത്തിനുമുമ്പ് എ.ജി സർട്ടിഫിക്കറ്റ് നൽകിയ ഡൽഹി, കർണാടക, ഒഡിഷ, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നീ ആറു സംസ്ഥാനങ്ങൾക്ക് 16,524 കോടി രൂപ അനുവദിച്ചു. സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ഇക്കൂട്ടത്തിൽ കേരളം ഇല്ല. ജി.എസ്.ടി സമ്പ്രദായം തുടങ്ങിയതുമുതൽ ഒറ്റ വർഷം പോലും വാർഷിക എ.ജി സർട്ടിഫിക്കറ്റ് നൽകാത്ത സംസ്ഥാനമാണ് കേരളം.
കേരളത്തിന്റെ കുടിശ്ശിക വിട്ടുനൽകുന്ന കാര്യം യോഗത്തിനിടയിൽ ധനമന്ത്രി നിർമല സീതാരാമനുമായി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഏറ്റവും നേരേത്ത സർട്ടിഫിക്കറ്റ് കിട്ടിയാൽ ഏറ്റവും നേരത്തേ വിഷയം പരിഹരിക്കാമെന്നാണ് ബാലഗോപാലിന് ലഭിച്ച മറുപടി. ഇക്കാര്യം കേന്ദ്ര ധനമന്ത്രി വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തുകയും ചെയ്തു.
ജി.എസ്.ടി നഷ്ടപരിഹാരമായി ഓരോ സംസ്ഥാനത്തിനും നൽകേണ്ട വിഹിതത്തിൽ 90 ശതമാനവും എ.ജി സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ കേന്ദ്രം നൽകിക്കഴിഞ്ഞിട്ടുണ്ട്. ബാക്കി അഞ്ചു മുതൽ 10 ശതമാനം വരെ തുക മാത്രമാണ് തടഞ്ഞുവെച്ചിട്ടുള്ളത്. സർട്ടിഫിക്കറ്റ് എന്നാണോ നൽകുന്നത്, അപ്പോൾ മാത്രമേ കണക്കുകൾ ഒത്തുനോക്കി ഈ തുക കൈമാറാനാകൂ -നിർമല സീതാരാമൻ വ്യക്തമാക്കി. കേന്ദ്രം തടഞ്ഞുവെച്ച തുക ഒരാഴ്ചക്കകം തന്നെ കിട്ടുമെന്നാണ് മന്ത്രി ബാലഗോപാൽ ജി.എസ്.ടി കൗൺസിൽ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
എല്ലാ സംസ്ഥാനങ്ങൾക്കും നഷ്ടപരിഹാര കുടിശ്ശിക കൊടുത്തുതീർക്കാൻ തീരുമാനമുണ്ടെന്നും ഇക്കാര്യത്തിൽ കേന്ദ്രവുമായി തർക്കമില്ലെന്നും ബാലഗോപാൽ വിശദീകരിച്ചു. കേരളം എ.ജി സർട്ടിഫിക്കറ്റ് നൽകാത്തതിനെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിനെ തെറ്റായി ധരിപ്പിച്ചതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ജി.എസ്.ടി നടപ്പാക്കിയതുവഴി സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം അഞ്ചു വർഷത്തേക്കുമാത്രം നികത്തുമെന്നാണ് നിലവിലെ വ്യവസ്ഥ. 2022 ജൂൺ 30ന് അവസാനിച്ച ഈ കാലയളവ് ദീർഘിപ്പിക്കണമെന്നാണ് കേരളം അടക്കം വിവിധ സംസ്ഥാനങ്ങളുടെ ആവശ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കാലാവധി നീട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.