'യു.പിയിൽ മനുഷ്യാവകാശം അവശേഷിക്കുന്നുണ്ടോ?'; കാസ്ഗഞ്ച് കസ്റ്റഡി മരണത്തിൽ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ 21കാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി പ്രതിപക്ഷം. തിങ്കളാഴ്ചയാണ് 21കാരനായ അൽത്താഫ് മിയ പൊലീസ് കസ്റ്റഡിയിലിരിക്കേ മരിച്ചത്.
യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ വാദം. എന്നാൽ, പൊലീസ് കള്ളകളി കളിക്കുകയാണെന്ന് കുടുംബം ആരോപിച്ചു.
പെൺകുട്ടിയുമായി ഒളിച്ചോടിയതിനെ തുടർന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ ശുചിമുറിയിലേക്ക് പോയ യുവാവിനെ പിന്നീട് പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, മിയയെ കൊലെപ്പടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് അടുത്ത ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. 'ഉത്തർപ്രദേശിൽ മനുഷ്യാവകാശം എന്നൊന്ന് അവശേഷിക്കുന്നുണ്ടോ?' -എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്, ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി എന്നിവരും മറ്റു രാഷ്ട്രീയ നേതാക്കളും പ്രതികരണം രേഖപ്പെടുത്തി.
'കാസ്ഗഞ്ചിൽ അൽത്താഫ്, ആഗ്രയിൽ അരുൺ വാൽമീകി, സുൽത്താൻപൂരിൽ രാജേഷ് കോരി എന്നിവരുടെ കസ്റ്റഡി മരണത്തിൽനിന്ന് വ്യക്തമാകും സംരക്ഷിക്കുന്നവർ തന്നെ കൊന്നുതിന്നുന്നുവെന്ന്. രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണം നടക്കുന്നത് യു.പിയിലാണ്. സംസ്ഥാനത്തെ ക്രമസമാധാന നില മുഴുവൻ ബി.ജെ.പി ഭരണത്തിൽ തകർന്നു. ആരും ഇവിടെ സുരക്ഷിതരല്ല' -പ്രിയങ്ക ഗാന്ധി പറഞ്ഞു.
അൽത്താഫിന്‍റെ കസ്റ്റഡി മരണത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി പൊലീസ് സൂപ്രണ്ട് രോഹൽ ബോത്രേ അറിയിച്ചു. കാസ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫിസർ, രണ്ട് സബ് ഇൻസ്പെക്ടർമാർ, ഒരു ഹെഡ് ഓഫിസർ, കോൺസ്റ്റബ്ൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.