പ്ലാസ്റ്റർ ഓഫ് പാരീസിലുള്ള ഗണേശ വിഗ്രഹം നദിയിൽ ഒഴുക്കിയാൽ 50,000 രൂപ പിഴയും ആറുവർഷം തടവും
text_fieldsന്യൂഡൽഹി: ഗണേശോത്സവത്തിന്റെ ഭാഗമായി പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ യമുന നദിയിൽ ഒഴുക്കിയാൽ 50,000 രൂപ പിഴയും ആറു വർഷത്തെ തടവും വിധിക്കുമെന്ന് ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് (ഡിപിസിസി). മലിനീകരണം കുറഞ്ഞ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നും ബോർഡ് നിർദേശിച്ചു.
ഗണേശ വിഗ്രഹങ്ങൾ നദിയിൽ നിമജ്ജനം ചെയ്യുന്നത് സംബന്ധിച്ച് ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിക്കണം. പ്രകൃതിദത്തമായ കളിമണ്ണും ചായങ്ങളും ലയിക്കുന്ന വസ്തുക്കളും ഉപയോഗിച്ചുള്ള ഗണേശ വിഗ്രഹങ്ങൾ പുഴയിലും നദിയിലും ഒഴുക്കാം. ജനവാസ കേന്ദ്രങ്ങളിൽ വിഗ്രഹങ്ങൾ സുരക്ഷിതമായി നിമജ്ജനം ചെയ്യുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ കൃത്രിമ കുളങ്ങൾ ഉണ്ടാക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങളുമായി നഗരത്തിലേക്ക് എത്തുന്നത് പരിശോധിക്കാനും ഡൽഹി പൊലീസിനെ ചുമതലപ്പെടുത്തി. 2015-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ യമുനയിൽ വിഗ്രഹ നിമജ്ജനം നിരോധിച്ചിരുന്നുവെങ്കിലും 2019-ലാണ് ഡൽഹി സർക്കാർ ഇക്കാര്യത്തിൽ ആദ്യമായി നിർദേശം നൽകിയത്.
ഓഗസ്റ്റ് 31നാണ് 10 ദിവസത്തെ ഗണേശ ചതുർത്ഥി ആരംഭിച്ചത്. സമാപനദിനമായ സെപ്റ്റംബർ 9നാണ് വിഗ്രഹ നിമജ്ജനം. 2019ൽ 24,000 വിഗ്രഹങ്ങൾ യമുനയിൽ ഒഴുക്കുന്നത് തടഞ്ഞിരുന്നു.
"വീട്ടിലും അപ്പാർട്ട്മെന്റുകളിലും താമസിക്കുന്നവർ ചെറിയ കുളങ്ങളിലോ ഒരു ബക്കറ്റ് വെള്ളത്തിലോ വിഗ്രഹങ്ങൾ ലയിപ്പിക്കണം. നിമജ്ജനത്തിനു ശേഷം ഈ വെള്ളം പൂന്തോട്ട ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. വിഗ്രഹങ്ങൾ അലങ്കരിക്കാൻ പ്രകൃതിദത്ത ചായങ്ങളും മണ്ണിൽ ലയിക്കുന്ന അലങ്കാര വസ്തുക്കളും മാത്രമേ ഉപയോഗിക്കാവൂ. വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിന് മുമ്പ് പൂക്കളും പേപ്പറിൽ നിർമിച്ച അലങ്കാര വസ്തുക്കളും നീക്കം ചെയ്യണം. അവ സംസ്കരിക്കുന്നതിന് പ്രത്യേകം ശേഖരിക്കണം' മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദ്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.