‘സാമാജികരുടെ പ്രത്യേക പരിരക്ഷ നിയമം ബാധകമല്ലാത്ത പൗരന്മാരെ സൃഷ്ടിക്കും’
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെയോ നിയമസഭയുടെയോ നടത്തിപ്പിന് സഹായകരമല്ലാത്ത പരിരക്ഷ സാമാജികർക്ക് നൽകുന്നത് നിയമം ബാധകമല്ലാത്ത പ്രത്യേകതരം പൗരന്മാരെ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്ന് സുപ്രീംകോടതി. പാർലമെന്റ് അംഗത്തിനുള്ള പ്രത്യേക അവകാശം പാർലമെന്റിന്റെ ആരോഗ്യകരവും സുഖകരവുമായ നടത്തിപ്പിന് അനിവാര്യമാണോ എന്ന് നോക്കണം. പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിന് അനുഗുണമല്ലാത്ത ഒരു പ്രത്യേക അവകാശവും അംഗങ്ങൾക്കില്ല.
സഭയുടെ കൂട്ടായ നടത്തിപ്പിനോ സഭാംഗമെന്ന നിലക്കുള്ള ഉത്തരവാദിത്ത നിർവഹണത്തിനോ സഹായകരമായ പ്രത്യേക അവകാശമേ അംഗങ്ങൾക്ക് അവകാശപ്പെടാനാകൂ. അഭിപ്രായ സ്വാതന്ത്ര്യം വേണ്ടുവോളമുള്ള സാമാജികർക്ക് പൊതുസ്വത്ത് നശിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്തത് കോടതി ചൂണ്ടിക്കാട്ടി.
ബ്രിട്ടനിലേതുപോലെ പാർലമെന്റും രാജാവും തമ്മിലൊരു അധികാരത്തർക്കം ഇന്ത്യയിലുണ്ടായിട്ടില്ല. സ്വതന്ത്ര ഇന്ത്യയിൽ നിയമപരമായി നൽകിയ പ്രത്യേകാവകാശങ്ങൾ ഭരണഘടനാപരമാണ്. ഏതെങ്കിലും കേസിൽ നിയമ പരിരക്ഷക്ക് പ്രത്യേകാവകാശമുണ്ടോ എന്നത് കോടതിയുടെ പുനഃപരിശോധനക്ക് വിധേയവുമാണ്.
അംഗങ്ങൾക്ക് പ്രത്യേകാവകാശം അഭിപ്രായ സ്വാതന്ത്ര്യത്തിലുണ്ട്. ഭരണഘടനയുടെ 105, 194 അനുച്ഛേദങ്ങൾ പ്രത്യേക അവകാശങ്ങൾ നൽകിയത് സഭക്കുള്ളിലും സഭാസമിതിക്കു മുന്നിലും നിർഭയമായും നിഷ്പക്ഷമായും സംസാരിക്കാനാണ്. ഒരു വിഷയത്തിൽ തങ്ങൾക്കുള്ള നിലപാടും വിശ്വാസവും അടിസ്ഥാനമാക്കി സംസാരിക്കുന്നതിനുപകരം അംഗങ്ങൾ കൈക്കൂലി മാനദണ്ഡമാക്കുമ്പോൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർക്കുള്ള പരിരക്ഷ ഇല്ലാതാവുകയാണ്.
കൈക്കൂലി വാങ്ങിയ സാമാജികനെതിരെ സഭ എടുക്കുന്ന അച്ചടക്ക നടപടിയും ക്രിമിനൽ കുറ്റകൃത്യത്തിന് കോടതി കൈക്കൊള്ളുന്ന നടപടിയും വ്യത്യസ്ത തലങ്ങളിലുള്ളതാണ്. ഭരണഘടനയുടെ 105ാം അനുച്ഛേദം പാർലമെന്റ് അംഗങ്ങൾക്കും 194ാം അനുച്ഛേദം നിയമസഭാംഗങ്ങൾക്കും നൽകുന്ന പ്രത്യേകാവകാശങ്ങൾ, സഭയിൽ വോട്ടിനോ പ്രസംഗത്തിനോ കൈക്കൂലി വാങ്ങിയാലുണ്ടാകുന്ന പ്രോസിക്യൂഷൻ നടപടിയിൽനിന്ന് സംരക്ഷണം നൽകാൻ ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മഹത്തായ വിധി: പ്രധാനമന്ത്രി
ന്യൂഡൽഹി: രാഷ്ട്രീയം സംശുദ്ധമാക്കുന്നതും വ്യവസ്ഥിതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഗാഢമാക്കുന്നതുമായ മഹത്തായ വിധിയാണ് സഭാ നടപടികൾക്ക് കൈക്കൂലി വാങ്ങുന്ന എം.പിമാർക്കും എം.എൽ.എമാർക്കും പ്രത്യേക നിയമപരിരക്ഷയില്ലെന്ന ഏഴംഗ ഭരണഘടന ബെഞ്ചിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ‘സ്വാഗതം!’ എന്നു പറഞ്ഞാണ് വിധിയോട് പ്രതികരിച്ച് അദ്ദേഹം കുറിപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.