ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
text_fieldsകൊൽക്കത്ത: ബംഗാളിൽ ഇൻഡ്യ മുന്നണിയുമായി സഖ്യസാധ്യതകൾ അവസാനിപ്പിച്ച് 42 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. കോൺഗ്രസ് തട്ടകമായ ബഹറംപൂരിൽ ക്രിക്കറ്റർ യൂസുഫ് പത്താൻ തൃണമൂൽ സ്ഥാനാർഥിയാകും. 16 സിറ്റിങ് എം.പിമാർ ഇടം നിലനിർത്തിയപ്പോൾ ഏഴുപേരെ മാറ്റിനിർത്തി. പ്രമുഖർക്കൊപ്പം പുതുമുഖങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന പട്ടികയിൽ 12 വനിതകളുമുണ്ട്. പുറത്താക്കപ്പെട്ട എം.പി മഹുവ മൊയ്ത്ര തുടർച്ചയായ രണ്ടാംതവണയും കൃഷ്ണനഗറിൽ മത്സരിക്കും. ബർധമാൻ- ദുർഗാപുർ മണ്ഡലത്തിൽനിന്ന് കീർത്തി ആസാദും ജനവിധി തേടും. സംഘർഷബാധിത പ്രദേശമായ സന്ദേശ്ഖലി സ്ഥിതിചെയ്യുന്ന ബാസിർഹട്ടിൽ നിലവിലെ എം.പി നുസ്റത്ത് ജഹാനെ വെട്ടി ഹാജി നൂറുൽ ഇസ്ലാമിനെ പാർട്ടി രംഗത്തിറക്കി. 2022 ഉപതെരഞ്ഞെടുപ്പിൽ അസൻസോളിൽ ജയിച്ചുകയറിയ മുൻ നടൻ ശത്രുഘ്നൻ സിൻഹയെ നിലനിർത്തി. രണ്ടു വർഷംമുമ്പ് ബി.ജെ.പിയിൽനിന്നെത്തിയ അർജുൻ സിങ്ങിനെ മാറ്റിനിർത്തിയപ്പോൾ കൂറുമാറ്റം വഴിയെത്തിയ ബിശ്വജിത്ത് ദാസ്, മുകുത്മാനി അധികാരി എന്നീ രണ്ടു ബി.ജെ.പി നേതാക്കൾക്ക് അവസരം നൽകി.
മമത മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരടക്കം ഒമ്പത് സിറ്റിങ് എം.എൽ.എമാർ ജനവിധി തേടുന്നുണ്ട്. 2020ൽ പാർട്ടി വിട്ട് ബി.ജെ.പി പാളയത്തിലെത്തിയ സുവേന്ദു അധികാരിയുടെ ബന്ധുക്കൾ കൂടിയായ തൃണമൂൽ എം.പിമാർ മാറ്റിനിർത്തിയവരിൽപെടും. അതേസമയം, കോൺഗ്രസ് ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ ബഹറംപൂരിൽ കടുത്ത മത്സരത്തിന് അവസരമൊരുക്കിയാണ് ജനകീയ മുഖമായ പത്താനെ പാർട്ടി അവതരിപ്പിക്കുന്നത്. നേരത്തേ സീറ്റ് പങ്കിടൽ ചർച്ചകളിൽ മമത ബഹറംപൂരും മറ്റൊരു സീറ്റും കോൺഗ്രസിന് വാഗ്ദാനം ചെയ്തിരുന്നു. മൂന്നിൽ കൂടുതൽ വേണമെന്ന കോൺഗ്രസ് ആവശ്യം തള്ളിയതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. എന്നാൽ, സഖ്യ ചർച്ചകൾക്ക് സാധ്യത നിലനിൽക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മമതക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.