അഫ്ഗാൻ ജയിലിൽ കഴിഞ്ഞ മലയാളി വനിതകളെക്കുറിച്ച് വിവരമില്ല –കേന്ദ്രം
text_fieldsന്യൂഡൽഹി: ഐ.എസിൽ ചേരാൻ പോയതിനൊടുവിൽ അഫ്ഗാൻ ജയിലിലായെന്നു കരുതുന്ന മലയാളി വനിതകൾ ഇപ്പോൾ എവിടെയാണെന്ന് കേന്ദ്രസർക്കാറിന് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം.
സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് അഫ്ഗാൻ ജയിലിൽ ഉണ്ടായിരുന്നത്. അമേരിക്കൻ വ്യോമസേനയുടെ ആക്രമണത്തിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇവരെ ഇന്ത്യക്ക് കൈമാറാൻ നേരത്തേ അഫ്ഗാൻ ഭരണകൂടം താൽപര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, കേന്ദ്രസർക്കാർ വിമുഖത കാട്ടി. അതിനിടയിലാണ് അഫ്ഗാൻ സാഹചര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്. അഫ്ഗാനിസ്താനിൽ ഇനി എത്രത്തോളം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാനുണ്ടെന്ന കൃത്യമായ കണക്ക് കേന്ദ്രസർക്കാറിെൻറ കൈയിൽ ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി വിശദീകരിച്ചു. 550ലേറെ പേരെ ഇന്ത്യ അവിടെ നിന്ന് ഒഴിപ്പിച്ചു. മിക്കവാറും ഇന്ത്യക്കാരെ ഒഴിപ്പിച്ചുവെന്നാണ് കരുതുന്നതെന്നും, അവിടെ ഉണ്ടെന്നു കരുതുന്നവരുടെ സംഖ്യ കൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിൽ ഒരു താലിബാൻ ഭരണകൂടം വന്നാൽ ഇന്ത്യ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് അനിശ്ചിതാവസ്ഥയാണ് അവിടെ നിലനിൽക്കുന്നതെന്ന് ബഗ്ചി മറുപടി നൽകി. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങൾ ഇന്ത്യ സസൂക്ഷ്മം വീക്ഷിച്ചു വരുകയാണ്. സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നതേയുള്ളൂ. ഒന്നും വ്യക്തമല്ല. ആരാണ് ഭരണകൂടം ഉണ്ടാക്കാൻ പോകുന്നതെന്നും വ്യക്തമായിട്ടില്ല.
അവിടെയുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനാണ് ഇൗ ഘട്ടത്തിൽ ഊന്നൽ നൽകുന്നതെന്നും ബഗ്ചി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.