ലയനം: ഇനി ജെ.ഡി.എസ് മുൻകൈയില്ല
text_fieldsതിരുവനന്തപുരം: ലോക്താന്ത്രിക് ദളുമായുള്ള (എൽ.ജെ.ഡി) ലയന ചർച്ചയിൽ നിലപാട് കടുപ്പിച്ച് ജനതാദൾ (സെകുലർ). ഇനി ലയനനീക്കത്തിന് മുൻകൈ എടുക്കേണ്ടതില്ലെന്ന് ജെ.ഡി.യു നേതൃയോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം തലസ്ഥാനത്ത് ചേർന്ന ജില്ല സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിലാണ് ലയന വിഷയം ചർച്ചയായത്.
ജൂലൈ ഒന്നിന് ലയന വിഷയം ദേശീയ പ്രസിഡന്‍റ് എച്ച്.ഡി. ദേവഗൗഡയുമായി ചർച്ച ചെയ്യാൻ ജെ.ഡി.എസ്, എൽ.ജെ.ഡി സംസ്ഥാന നേതാക്കൾ പോകാൻ തീരുമാനിച്ചെങ്കിലും അവസാന നിമിഷം ലോക്താന്ത്രിക്ക് നേതൃത്വം പിന്മാറി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിന് പിന്തുണ നൽകുന്നത് ആലോചിക്കുന്നെന്ന പ്രസ്താവനയായിരുന്നു പിൻവാങ്ങലിന് കാരണം. എന്നാൽ, ജെ.ഡി.എസ് കേരള നേതൃത്വം സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ പിന്തുണക്കാൻ ഉറച്ചുനിന്നതോടെ ലയന ചർച്ച തുടരാൻ ഇരുകക്ഷികളുടെയും നേതാക്കൾ നേരത്തേ ധാരണയിലെത്തിയിരുന്നു. ബംഗളൂരു യാത്രയിൽനിന്ന് പിന്മാറിയത് കൂടാതെ എൽ.ജെ.ഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് നടത്തിയ പ്രസ്താവന ശരിയായില്ലെന്ന അഭിപ്രായവും ജെ.ഡി.എസിലെ ഭൂരിപക്ഷം നേതാക്കളും പ്രകടിപ്പിച്ചു.
മന്ത്രി കെ. കൃഷ്ണൻകുട്ടി വിഭാഗത്തിൽനിന്നുള്ള മുരുകദാസ് മാത്രമാണ് എതിർസ്വരം ഉയർത്തിയത്. ലയനത്തിന് ഔപചാരികമായി ധാരണയായെങ്കിലും ജെ.ഡി.എസിന്‍റ ഭാഗത്തുനിന്ന് മുൻകൈ എടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.