ജനാധിപത്യ സമൂഹത്തിൽ ഒരു സ്ഥാപനവും എല്ലാം തികഞ്ഞതല്ലെന്ന് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: ജനാധിപത്യത്തിൽ കൊളീജിയം ഉൾപ്പെടെ ഒരു സ്ഥാപനവും പൂർണമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. നിലവിലുള്ള സംവിധാനത്തെ കൂടുതൽ നന്നാക്കാനായി പരിശ്രമിക്കുക എന്നതാണ് അതിനുള്ള പരിഹാരം. ന്യൂഡൽഹിയിൽ സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഭരണഘടനാ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2015 മുതൽ നവംബർ 26ന് ഭരണഘടനാ ദിനമായി ആഘോഷിക്കുന്നു. മുമ്പ് ഈ ദിവസം നിയമ ദിനമായാണ് ആചരിച്ചിരുന്നത്.
ഭരണഘടന നടപ്പാക്കാനുള്ള വിശ്വസ്തരായ പോരാളികളാണ് ജഡ്ജിമാർ. നിയമ വ്യവസ്ഥയിലേക്ക് സമൂഹത്തിലെ നല്ല വ്യക്തികൾ എത്തി എന്നതുകൊണ്ടും അവർക്ക് നല്ല ശമ്പളം നൽകുന്നതുകൊണ്ടും
കൊളീജിയം സംവിധാനത്തെ പുനർനിർമിക്കാനാകില്ല. എത്ര ശമ്പളം നൽകുന്നു എന്നത് അടിസ്ഥാനമാക്കിയല്ല ജഡ്ജിമാർ ഉണ്ടാകുന്നത്. ജഡ്ജിമാർക്ക് എത്ര വലിയ ശമ്പളം നൽകിയാലും അത് മിടുക്കനായ അഭിഭാഷകൻ ആ ദിവസത്തിൽ ഉണ്ടാക്കുന്നതിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. ആളുകൾ ജഡ്ജിമാരാകുന്നത് പൊതുസേവനത്തോടുള്ള താത്പര്യവും ആത്മാർഥതയും കൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ആളുകളോട് അനുതാപമുള്ളവരാകുക, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുക, നിങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കാത്ത ജീവിതങ്ങളെ കുറിച്ച് മുൻധാരണ വെച്ചുപുലർത്താതിരിക്കുക, ക്രിമിനലുകൾ എങ്ങനെ കുറ്റവാളികളായി എന്ന് മനസിലാക്കുക എന്നിവയെല്ലാമാണ് നല്ല ജഡ്ജിങ്. നല്ല ആളുകൾ ജഡ്ജിമാരാകണം എന്ന് ആഗ്രഹിക്കുമ്പോൾ, നല്ല ആളുകളെ ജഡ്ജിമാരാക്കുന്നതിനായി പാകപ്പെടുത്തിയെടുക്കണം എന്നതും ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിന് നിയമ വ്യവസ്ഥയും അഭിഭാഷക സമൂഹവും തുല്യ പങ്കാളിത്തം വഹിക്കുന്നു. ഒരോ ജനങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കാൻ കോടതി തയാറാകുന്നുവെന്നതാണ് വിധിയേക്കാൾ പ്രധാന വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.