റോഹിങ്ക്യൻ അഭയാർഥികളുടെ തൽസ്ഥിതി റിപ്പോർട്ട് വേണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളുടെ ജീവിത സാഹചര്യങ്ങൾ വ്യക്തമാക്കി രണ്ടാഴ്ചക്കകം സമഗ്രമായ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ക്യാമ്പുകൾ സന്ദർശിച്ച് തയാറാക്കിയ യഥാർഥ വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം റിപ്പോർെട്ടന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ജമ്മു-കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളോടാണ് നിർദേശം.
റോഹിങ്ക്യകൾക്കും പൗരന്മാർക്കുമിടയിൽ ചികിത്സയുടെ കാര്യത്തിൽ ഒരു വിവേചനവുമില്ലെന്ന് കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. റോഹിങ്ക്യകൾക്കായുള്ള പൊതുതാൽപര്യ ഹരജികളുടെ താൽപര്യത്തെ കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദ്യംചെയ്തു. മനുഷ്യത്വത്തിെൻറ താൽപര്യമെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ മറുപടി കൊടുത്തു. റോഹിങ്ക്യൻ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്ക് അവകാശമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തിെൻറ സ്ഥിരത നിരന്തരം ഉന്നയിച്ച് മനുഷ്യാവകാശങ്ങൾ ഹനിക്കുന്നതെന്തിനാണെന്ന് അഡ്വ. അശ്വനി കുമാർ ചോദിച്ചു. ഹരജികളിൽ ഏപ്രിൽ ഒമ്പതിന് അന്തിമ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു. 2013 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഹരജിയാണിതെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി.
കക്കൂസുകളും കുടിവെള്ളവുമില്ലാത്ത ചുറ്റുപാടുകളിലാണവർ ജീവിക്കുന്നത്. കുട്ടികൾ വയറിളക്കം പോലുള്ള പകർച്ചവ്യാധികളുെട പിടിയിലാണ്. സ്കൂളുകളും ആശുപത്രികളും ഇവർക്ക് പ്രവേശനം അനുവദിക്കുന്നില്ല. ക്യാമ്പുകളുെട വിഡിയോ ഉണ്ടെന്നും അവ കാണാൻ കോടതിതന്നെ ആരെയെങ്കിലും വിടണമെന്നും കോളിൻ വാദിച്ചു.
അഭയാർഥികളോടുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജിയെന്ന് കോളിൻ പറഞ്ഞു. ജീവിക്കാനും അടിസ്ഥാന ആവശ്യങ്ങൾക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം ഇവർക്കും വകവെച്ചു നൽകണമെന്ന് ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.