അർണബിന് തിരിച്ചടി, ഇടക്കാലാശ്വാസമില്ല; ഹരജിയിൽ നാളെ വിശദമായ വാദമെന്ന് കോടതി
text_fieldsമുംബൈ: ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബിന്‍റെ ഹരജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ബോംബെ ഹൈകോടതി. തന്നെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത് അന്യായമായാണെന്നും അർണബ് ആരോപിച്ചിരുന്നു. എന്നാൽ, കോടതി ഇടക്കാലാശ്വാസം അനുവദിച്ചില്ല. ഹരജിയിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വാദം കേൾക്കും.
ആത്മഹത്യ ചെയ്ത ഇൻറീരിയർ ഡിസൈനർ അൻവയ് നായികിന്‍റെ മകൾ അദ്ന്യ അൻവയ് നായിക് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയും നാളെ പരിഗണിക്കും. അർണബിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ആണ് ഹാജരായത്.
കഴിഞ്ഞ ദിവസമാണ് ഇന്‍റീരിയർ ഡിസൈനറുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യക്കുറ്റം ചുമത്തി അർണബിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ മുംബൈ റായ്ഗഡിലെ വസതിയിലെത്തിയാണ് അർണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അലിബാഗ് ജില്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും നവംബർ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അർണബ് ഗോസ്വാമി സ്വാധീനമുളള വ്യക്തിയാണെന്നും കേസന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
അർണബിനൊപ്പം കേസിൽ പ്രതികളായ മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്. ഫിറോസ് ഷെയ്ക്ക്, നിതേഷ് ദാർദ എന്നിവരെയാണ് അർണബിനൊപ്പം റിമാൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.