കറന്‍സിരഹിത ഇന്ത്യ പ്രചാരണം തകൃതി; ജനസംഖ്യയില്‍ നാലില്‍ മൂന്നിനും ഇന്‍റര്‍നെറ്റ് ഇല്ല
text_fields
നോട്ടിന് പകരം ഡിജിറ്റല്‍ ഇടപാടിലേക്ക് മാറാനുള്ള അടിസ്ഥാന സാങ്കേതിക സൗകര്യ അപര്യാപ്തത
റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു
എ.കെ. ഹാരിസ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്‍െറ കറന്‍സിരഹിത ഇന്ത്യ പ്രചാരണം പൊടിപൊടിക്കുമ്പോഴും രാജ്യത്ത് നാലിലൊന്ന് ജനത്തിനും ഇന്‍റര്‍നെറ്റ് അപ്രാപ്യമെന്ന് പഠന റിപ്പോര്‍ട്ട്. 125 കോടി കവിഞ്ഞ ഇന്ത്യന്‍ ജനസംഖ്യയില്‍ 95 ശതമാനത്തിനും ഇന്‍റര്‍നെറ്റ് സൗകര്യം ഇപ്പോഴും ലഭ്യമല്ളെന്നാണ് കണ്ടത്തെല്‍. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സും (അസോചം) ഗവേഷണ ഏജന്‍സിയായ ഡിലോയിറ്റും ചേര്‍ന്നാണ് പഠനം നടത്തിയത്.
നോട്ട് നിരോധത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നോട്ടില്ലാ രാജ്യമെന്ന സങ്കല്‍പത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു പഠനം. നോട്ടിന് പകരം ഡിജിറ്റല്‍ ഇടപാടിലേക്ക് മാറാനുള്ള അടിസ്ഥാന സാങ്കേതിക സൗകര്യ അപര്യാപ്തത റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു. വന്‍കിട നഗരങ്ങളില്‍ മാത്രമാണ് മൊബൈല്‍ ഇന്‍റര്‍നെറ്റിന് തൃപ്തികരമായ വേഗതയുള്ളത്. അവിടങ്ങളില്‍പോലും സേവനം ഇടക്കിടെ മുറിഞ്ഞുപോകുന്നെന്ന പരാതി വ്യാപകമാണ്.
ചെറുകിട നഗരങ്ങളില്‍ മിക്കയിടത്തും 4ജി ഇന്‍റര്‍നെറ്റ് (നാലാം തലമുറ) സേവനം എത്തിയിട്ടില്ല. ഇവിടങ്ങളില്‍ ലഭ്യമായ 4ജിയുടെ വേഗം നന്നേ കുറവാണ്. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില കുറഞ്ഞുവരികയാണ്. ഇന്‍റര്‍നെറ്റ് ഡാറ്റാ പ്ളാനുകളുടെ നിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ച് രാജ്യത്ത് കുറവുമാണ്. എങ്കിലും സ്മാര്‍ട്ട് ഫോണും ഇന്‍റര്‍നെറ്റും ജനസംഖ്യയില്‍ ബഹുഭൂരിപക്ഷത്തിനും ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ മൊബൈല്‍ സേവനം നല്‍കുന്ന ടെലികോം കമ്പനികളുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ട്.
അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് നഗരങ്ങളില്‍ മാത്രമാണ് ടെലികോം കമ്പനികള്‍ കാര്യമായി മുതല്‍മുടക്കിയിട്ടുള്ളത്. ഗ്രാമങ്ങളില്‍ വേണ്ടത്ര ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ളുകളും സ്ഥാപിച്ചിട്ടില്ല. ഇടതടവില്ലാത്ത ഇന്‍റര്‍നെറ്റ് സേവനം ഉറപ്പാക്കാത്ത കാലത്തോളം പണമിടപാട് ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള മോദി സര്‍ക്കാറിന്‍െറ ആഹ്വാനത്തിന് വലിയ ഫലമുണ്ടാകില്ളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്‍റര്‍നെറ്റ് ലഭ്യമായവരില്‍തന്നെ നല്ളൊരു വിഭാഗത്തിന് ഡിജിറ്റല്‍ സാക്ഷരത വേണ്ടത്രയില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലഭ്യമായ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. സൈബര്‍ സുരക്ഷയിലും ഇന്‍റര്‍നെറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള അവബോധത്തിലും ഇന്ത്യ വളരെ പിന്നിലാണ്. ഇക്കാര്യത്തില്‍ പൊതുജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.