കേന്ദ്ര നീക്കത്തിന് തിരിച്ചടി; വോട്ടെടുപ്പ് ദിവസം ചാരക്കേസില്ല
text_fieldsന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നടന്ന ഗൂഢാലോചന അന്വേഷിക്കാൻ നിയോഗിച്ച ജെയിൻ സമിതിയുടെ റിപ്പോർട്ട് കേരളത്തിലെ വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ നാടകീയ നീക്കം സുപ്രീംകോടതിയിൽ പരാജയപ്പെട്ടു.
അതേസമയം, ചൊവ്വാഴ്ച പരിഗണിക്കാനായി കേസ് പട്ടികയിൽപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരായ ലാവലിൻ കേസ് വീണ്ടും നീട്ടിവെക്കാൻ സുപ്രീംകോടതിയിൽ അപേക്ഷ. യു.ഡി.എഫ് പ്രതിരോധത്തിലായേക്കാവുന്ന ചാരക്കേസിലെ സമിതി റിപ്പോർട്ട് ഏതു വിധേനയും ചൊവ്വാഴ്ചത്തെ കേസ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്ര സർക്കാറിെൻറ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അപേക്ഷ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. തുടർന്ന് കേസ് അടുത്താഴ്ചത്തേക്ക് മാറ്റി.
ദേശീയതലത്തിലുള്ള കേസാണെന്നും അടിയന്തര പ്രാധാന്യമുണ്ടെന്നും സോളിസിറ്റർ ജനറൽ വാദിച്ചപ്പോൾ കേസിെൻറ പ്രാധാന്യം തനിക്കറിയാമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എങ്കിലും ചൊവ്വാഴ്ച തന്നെ പരിഗണിക്കേണ്ട അടിയന്തര ആവശ്യം എന്താണെന്ന് ചോദിച്ചു. തുടർന്ന് ചൊവ്വാഴ്ച പരിഗണിക്കാൻ കഴിയില്ലെന്നും അടുത്തയാഴ്ച പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുൻ ഡി.ജി.പി സിബി മാത്യൂസ്, റിട്ടയേഡ് എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, ഐ.ബി മുൻ ഡയറക്ടർ ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരായ ആരോപണമാണ് ഡി.കെ. ജെയിൻ സമിതി അന്വേഷിച്ചത്.
നമ്പി നാരായണൻ നൽകിയ ഹരജിയിൽ 2018 സെപ്റ്റംബർ 14നാണ് സുപ്രീംകോടതി മൂന്നംഗ സമിതി രൂപവത്കരിച്ചത്. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതി ശനിയാഴ്ചയാണ് മുദ്ര െവച്ച കവറിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെയുള്ള എസ്.എൻ.സി ലാവലിൻ കേസ് തെരഞ്ഞെടുപ്പ് ദിവസം പരിഗണിക്കുന്നത് വീണ്ടും നീട്ടിവെക്കാൻ സുപ്രീംകോടതിയിൽ അപേക്ഷ. കേസ് നീട്ടാൻ പതിവായി ആവശ്യപ്പെടാറുള്ള സി.ബി.ഐക്ക് പകരം ഇക്കുറി കേരളത്തിലെ മുൻ ഊർജ വകുപ്പ് ജോയൻറ് സെക്രട്ടറി എ. ഫ്രാൻസിസിെൻറ അഭിഭാഷകൻ ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച സുപ്രീംകോടതിയിൽ കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.