മദ്യപിച്ചാൽ പൊലീസ് പിടിക്കില്ല; പുതിയ നിയമം നടപ്പാക്കി ബിഹാർ
text_fieldsപട്ന: മദ്യപിച്ച് പൊലീസ് പിടിയിലാകുന്നവരെ ജയിലിലടക്കില്ലെന്ന് ബിഹാർ സർക്കാർ. മദ്യം കഴിക്കുന്നവരെ ജയിലിലേക്ക് അയക്കുന്നതിന് പകരം മദ്യ മാഫിയയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ കുറ്റക്കാരോട് ആവശ്യപ്പെടുമെന്നതാണ് നിതീഷ് കുമാർ സർക്കാറിന്‍റെ പുതിയ ഉത്തരവ്.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ വിജയിച്ചാൽ ശിക്ഷയിൽനിന്നും രക്ഷപ്പെടാം. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. ഉത്തരവ് നടപ്പാക്കാൻ പൊലീസിനും നിരോധന വകുപ്പിനും അധികാരം നൽകിയിട്ടുണ്ട്.
എന്നാൽ ബിഹാറിലെ മദ്യനയം പരാജയമാണെന്ന് പ്രതിപക്ഷം വിമർശിച്ചു. തീരുമാനത്തിൽനിന്നും പിന്നോട്ടില്ലെന്നാണ് നിതീഷ് കുമാറിന്റെ നിലപാട്. വ്യാജമദ്യ മാഫിയയെ പിടികൂടാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ബിഹാർ സർക്കാർ രംഗത്തിറക്കിയിട്ടുണ്ട്. മദ്യമാഫിയയ്ക്ക് കുരുക്കിടുക എന്ന ലക്ഷ്യത്തോടെയാണ് ഇളവ് കൊണ്ടുവന്നിരിക്കുന്നതെന്ന് എക്സൈസ് കമ്മീഷ്ണർ കൃഷ്ണ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
''പുതിയ നിയമം അനുസരിച്ച് ഒരാൾ മദ്യപിച്ച് പിടിക്കപ്പെട്ടാൽ അയാളോട് മദ്യം ലഭ്യമാക്കിയ സ്ഥലത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അന്വേഷിക്കും. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തും. കൈമാറിയ വിവരം ശരിയാണെങ്കിൽ നേരത്തെ പിടിക്കപ്പെട്ടയാളെ ശിക്ഷിക്കില്ല.'' -അദ്ദേഹം വ്യക്തമാക്കി.
2021 ജനുവരി മുതൽ ഒക്ടോബർ വരെ അരലക്ഷത്തോളം പേരെയാണ് മദ്യനിരോധനനിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. മദ്യം നിരോധിച്ചെങ്കിലും വ്യാജ മദ്യം ബിഹാറിൽ സുലഭമാണ്. വ്യാജ മദ്യം കഴിച്ചുണ്ടാകുന്ന മരണങ്ങളും സർക്കാരിന് വെല്ലുവിളിയാണ്. 2016 ഏപ്രിൽ മുതലാണ് ബിഹാറിൽ മദ്യ വിൽപനയും ഉപഭോഗവും നിതീഷ് കുമാർ സർക്കാർ നിരോധിച്ചത്. 2021 നവംബറിന് ശേഷം മാത്രം 50ലേറെ പേർക്കാണ് വ്യാജ മദ്യം കഴിച്ച് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.