ജോലിക്ക് അപേക്ഷിച്ചതുകൊണ്ടുമാത്രം ഉദ്യോഗാർഥിക്ക് പ്രേത്യക നിയമാവകാശമില്ല
text_fieldsന്യൂഡൽഹി: ജോലിക്ക് അപേക്ഷിച്ചു എന്നതുകൊണ്ട്, നിയമനം വരെയുള്ള കാര്യങ്ങളിൽ ഉദ്യോഗാർഥിക്ക് നിയമപരമായ അധികാരമില്ലെന്ന് സുപ്രീംകോടതി. ഉദ്യോഗാർഥി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ വന്നാലും അത്തരമൊരു അവകാശം ഉന്നയിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. എന്നാൽ, തൊഴിൽദാതാവിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകുമെന്ന് ഇതിൽ അർഥമില്ല.
2018 മാർച്ചിൽ ഇ.എസ്.ഐ കോളജുകളിൽ അസോസിയേറ്റ് പ്രഫസറുടെ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച പരസ്യവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. പിന്നീട് ഈ തസ്തികയിലേക്കുള്ള നിയമന നടപടി ഒഴിവാക്കാൻ തീരുമാനിച്ചു. തുടർന്ന് ഒരു അപേക്ഷകൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചതിനാൽ നിയമനത്തിന് നിർദേശം നൽകണമെന്ന ഉത്തരവുണ്ടായി. ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളി. 45 ദിവസത്തിനകം നിയമനം നടത്തണമെന്ന ഹൈകോടതി നിർദേശം സാധ്യമല്ലെന്ന് വ്യക്തമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിഷയത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ച് രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുക്കാനും സുപ്രീംകോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.