ഭാര്യ മറ്റൊരാളുമായി 'അശ്ലീല ചാറ്റ്' നടത്തുന്നത് ഭർത്താവിന് സഹിക്കാവുന്നതിലുമപ്പുറം; വിവാഹമോചനം അനുവദിച്ച് കോടതി
text_fieldsAI Image
ഭോപ്പാൽ: ഭാര്യ മറ്റൊരാളുമായി ഫോണിലൂടെ ലൈംഗിക കാര്യങ്ങൾ ഉൾപ്പെടെ പറയുന്ന 'അശ്ലീല ചാറ്റ്' നടത്തിയത് ഭർത്താവിന് സഹിക്കാവുന്നതല്ലെന്നും ഇക്കാരണത്താലുള്ള വിവാഹമോചനത്തിന് അനുവാദമുണ്ടെന്നും വ്യക്തമാക്കി മധ്യപ്രദേശ് ഹൈകോടതി. വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി വിധിക്കെതിരെ ഭാര്യ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈകോടതിയുടെ ഉത്തരവ്.
നേരത്തെ, കുടുംബകോടതി വിവാഹമോചനവുമായി മുന്നോട്ടുപോകാമെന്ന് വിധിച്ചിരുന്നു. ഭാര്യയുടെ പ്രവൃത്തി ഭർത്താവിനോടുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിവാഹമോചനം അനുവദിച്ചത്. ഇത് ഹൈകോടതി ശരിവെച്ചു.
തന്‍റെ പുരുഷ സുഹൃത്തുമായി ലൈംഗികകാര്യങ്ങൾ ഉൾപ്പെടെ യുവതി ചാറ്റിൽ പങ്കുവെച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഒരു പുരുഷനും സഹിക്കാനാകുന്നതല്ല ഇത്. ഭർത്താവിനും ഭാര്യക്കും ഫോണിലൂടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ, ഇതിൽ മാന്യതയും നിയന്ത്രണവും ഉണ്ടായിരിക്കണം. പ്രത്യേകിച്ചും, ചാറ്റ് ചെയ്യുന്നത് എതിർലിംഗത്തിലുള്ള സുഹൃത്തുമായാണെങ്കിൽ. കാരണം, ഇത് പങ്കാളിക്ക് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ് - ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ഹൈകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. പങ്കാളികളിലൊരാൾ മറ്റൊരാളുടെ എതിർപ്പുണ്ടായിട്ടും ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ അത് മാനസികമായുള്ള ക്രൂരതയായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.
2018ലായിരുന്നു കേസിനാസ്പദമായ ദമ്പതികളുടെ വിവാഹം. ഭാര്യ മുൻ കാമുകനുമായി ഫോണിലൂടെ സംസാരിക്കുന്നുവെന്നും ചാറ്റ് ചെയ്യുന്നുവെന്നുമായിരുന്നു ഭർത്താവിന്‍റെ പരാതി. വാട്സാപ്പ് ചാറ്റുകൾ അശ്ലീലം നിറഞ്ഞതാണെന്നും ഭർത്താവ് പരാതിപ്പെട്ടു. തുടർന്നാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും കോടതി അനുവാദം നൽകിയതും.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം ഭാര്യ നിഷേധിച്ചു. തനിക്ക് ഇത്തരത്തിലുള്ള ബന്ധമില്ലെന്നും, വിവാഹമോചനത്തിനുള്ള തെളിവുണ്ടാക്കാനായി ഭർത്താവ് തന്‍റെ ഫോൺ ഹാക്ക് ചെയ്ത് പരിചയത്തിലുള്ള രണ്ട് പുരുഷന്മാർക്ക് ഇത്തരം മെസ്സേജുകൾ അയക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. തന്‍റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ് ഭർത്താവ് നടത്തിയതെന്നും ഇവർ പറയുന്നു. 25 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്ന പരാതിയും ഭർത്താവിനെതിരെ ഉയർത്തിയിട്ടുണ്ട്,
അതേസമയം, ഇരു വാദവും കേട്ടശേഷം കോടതി ഭർത്താവിന് വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് വിധിച്ചു. യുവതി ആൺസുഹൃത്തുക്കളുമായി ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നെന്ന് ഇവരുടെ പിതാവും കോടതിയിൽ മൊഴി നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.