അഭിസാരിക, അവിഹിതം, വേശ്യ, ജാരസന്തതി തുടങ്ങിയ വാക്കുകൾ ഇനി വേണ്ടെന്ന് സുപ്രീം കോടതി; കൈപ്പുസ്തകം ഇറക്കി
text_fieldsന്യൂഡൽഹി: സുപ്രീം കോടതി പുതിയ കൈപ്പുസ്തകം പുറത്തിറക്കി. ലിംഗവിവേചനമുളള ഭാഷാപ്രയോഗങ്ങള്‍ കോടതികളില്‍നിന്ന് ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് പുതിയ കൈപ്പുസ്തകം ഒരുക്കിയത്. വാക്കുകള്‍ക്കു പുറമെ 40 ഭാഷാപ്രയോഗങ്ങള്‍ക്ക് പകരം കോടതികളില്‍ ഉപയോഗിക്കാവുന്ന പുതിയ പ്രയോഗങ്ങള്‍ അടങ്ങുന്ന കൈപ്പുസ്തകമാണ് പുറത്തിറക്കിയിരിക്കുന്നത്.
ഒഴിവാക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍, പകരം ഉപയോഗിക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍ എന്നിവയാണ് കൈപുസ്തകത്തിലുള്ളത്. കൈപുസ്തക പ്രകാരം അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ ഇനിമുതല്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കാൻ പാടില്ല. അഭിസാരികക്ക് പകരമായി `വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ' എന്ന് എഴുതാം. അവിഹിതത്തിന് പകരം `വിവാഹത്തിന് പുറത്തുള്ള ബന്ധം' എന്നാണ് ഉപയോഗിക്കേണ്ടത്. ബന്ധം എന്ന് പറയുന്നതിന് പകരം `വിവാഹത്തിന് പുറത്തുള്ള ബന്ധം' എന്ന് കൃത്യമായി പറഞ്ഞിരിക്കണം.
കാമവികാരപരമായ ലൈംഗിക വേഴ്ച എന്നതിന് പകരം `ലൈംഗിക വേഴ്ച' എന്ന് മതി. വേശ്യ എന്ന പദത്തിന് പകരം `ലൈംഗിക തൊഴിലാളി' എന്ന് ഉപയോഗിക്കണം. അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം `അമ്മ' എന്ന് പറഞ്ഞാല്‍ മതി. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം `വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി' എന്നാണ് ഉപയോഗിക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളി എന്നതിന് പകരം `മനുഷ്യക്കടത്തിന് ഇരയായ കുട്ടി' എന്നാണ് പറയേണ്ടത്.
കര്‍ത്തവ്യബോധമുള്ള ഭാര്യ, വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ, അനുസരണയുള്ള ഭാര്യ എന്നിവയ്ക്ക് പകരം ഇനി മുതല്‍ `ഭാര്യ' എന്ന് ഉപയോഗിച്ചാല്‍ മതി. വീട്ടമ്മ എന്നതിന് പകരം 'ഗാര്‍ഹിക പരിപാലനം നടത്തുന്നവര്‍' എന്നാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യന്‍ വനിത, പാശ്ചാത്യ വനിത എന്നിവയ്ക്ക് പകരം `വനിത' എന്ന് ഉപയോഗിച്ചാല്‍ മതിയെന്നും സുപ്രീം കോടതി പുറത്തിറക്കിയ കൈപുസ്തകത്തില്‍ പറയുന്നു.
ബലപ്രയോഗത്തിലൂടെയുള്ള ബലാത്സംഗം എന്ന് പറയുന്നതിന് പകരം `ബലാത്സംഗം' എന്ന് പറഞ്ഞാല്‍ മതി. `തെരുവില്‍ നടക്കുന്ന ലൈംഗിക അതിക്രമം' എന്നാണ് പൂവാലശല്യത്തെ ഇനി മുതല്‍ പറയേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ `ഇരകള്‍' എന്നോ, `അതിജീവിതകള്‍' എന്നോ വിശേഷിപ്പിക്കാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതില്‍ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അവിവാഹിതയായ അമ്മ എന്നതിന് പകരം `അമ്മ' എന്നാണ് ഇനിമുതല്‍ ഉപയോഗിക്കേണ്ടതെന്നാണ് പുതിയ നിർദേശം.
സ്ത്രീകൾ അബലകളോ പുരുഷന്മാർക്ക് കീഴ്പ്പെടേണ്ടവരോ അല്ല
ന്യൂഡൽഹി: സ്ത്രീകളെക്കുറിച്ച് സമൂഹം വെച്ചുപുലർത്തുന്ന പൊതുസങ്കൽപങ്ങൾ പൊളിച്ചെഴുതി സുപ്രീംകോടതി പുറത്തിറക്കിയ കൈപ്പുസ്തകം. അഭിസാരിക, വെപ്പാട്ടി, വേശ്യ തുടങ്ങിയ പദപ്രയോഗങ്ങൾ ലിംഗനീതിക്ക് നിരക്കാത്തതാണെന്ന് കൈപ്പുസ്തകത്തിൽ പറയുന്നു. വിധിന്യായങ്ങളിലും ഹരജികളിലും സാധാരണയായി ഉപയോഗിക്കുന്ന ഇത്തരം വാക്കുകൾക്കും പ്രയോഗങ്ങൾക്കും ബദൽ നിർദേശിക്കുന്നതിനൊപ്പം എന്തുകൊണ്ട് പാടില്ലെന്ന് വിശദീകരിക്കുന്നുമുണ്ട്. സ്ത്രീകൾ പുരുഷന്മാർക്ക് കീഴ്പ്പെട്ട് ജീവിക്കേണ്ടവരാണെന്ന വാർപ്പുമാതൃക ശരിയല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭരണഘടന തുല്യ അവകാശമാണ് നൽകുന്നത്. വീട്ടുജോലികൾ ചെയ്യേണ്ട ഉത്തരവാദിത്തം സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കു കൂടിയുണ്ട്.
ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ജോലി സ്ത്രീകളുടേതു മാത്രമല്ല. കുടുംബത്തിലെ എല്ലാവർക്കും അതിന് ബാധ്യതയുണ്ട്. ജോലിക്കു പോകുന്ന സ്ത്രീകൾ മക്കളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ല, അമ്മമാരായ സ്ത്രീകൾ ഓഫിസ് ജോലികളിൽ ശ്രദ്ധപുലർത്തുന്നില്ല, ജോലിക്ക് പോകാത്ത സ്ത്രീകൾ വീട്ടുചെലവിലേക്ക് പണം നൽകുന്നില്ല തുടങ്ങിയ പൊതുസങ്കൽപങ്ങൾ തെറ്റാണെന്നും കൈപ്പുസ്തകത്തിൽ പറയുന്നു. ഭക്ഷണം പാകംചെയ്യൽ, വീട് വൃത്തിയാക്കൽ, തുണി അലക്കൽ, കുട്ടികളെയും പ്രായമായവരെയും പരിചരിക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്നതിന് സ്ത്രീകൾ പ്രതിഫലം വാങ്ങുന്നില്ല. ഇതു ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിലും വലിയ പങ്കുവഹിക്കുന്നതായി കൈപ്പുസ്തകം ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീകളുടെ വസ്ത്രധാരണവും ലൈംഗിക അഭിനിവേശവുമായി ബന്ധമില്ല. പ്രത്യേക രീതിയിൽ വസ്ത്രംധരിക്കുന്നതും മദ്യപിക്കുന്നതും പുകവലിക്കുന്നതും അനുവാദമില്ലാതെ അവളുടെ ദേഹത്ത് തൊടാനുള്ള ലൈസൻസല്ലെന്നും പുസ്തകത്തിൽ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.