പരിസ്ഥിതി ലോല മേഖലയിൽ ഖനനം പാടില്ല -വ്യക്തത വരുത്തി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിനു പുറത്ത് പരിസ്ഥിതി ലോല മേഖലയാണെങ്കിൽ അവിടെയും ഖനനം അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
അതേസമയം സംരക്ഷിത വനങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമതിലിന് പുറത്തുള്ള പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് താഴെയായാലും ഖനനത്തിനുള്ള നിരോധനം ഒരു കിലോമീറ്റർ വരെയായിരിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. കരുതൽ മേഖല വിധിയിൽ ഭേദഗതി വരുത്തി ഏപ്രിൽ 26ന് പുറപ്പെടുവിച്ച വിധിയിൽ ഒരു കിലോമീറ്റർ ചുറ്റളവിനപ്പുറത്ത് ഖനനം അനുവദനീയമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു സുപ്രീംകോടതി.
പരിസ്ഥിതി ലോല മേഖലയിൽ നിരോധിത പ്രവർത്തനമാണ് ഖനനമെന്നും അതിനാൽ ആ മേഖല സംരക്ഷിത വനങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ അപ്പുറത്തേക്ക് നീണ്ടാലും ഖനനം അനുവദിക്കാനാവില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സംരക്ഷിത മേഖലയിലെ ജന്തുജാലങ്ങൾക്ക് മരണക്കെണിയായി ഖനന മേഖലകൾ മാറരുത്.
ചില ദേശീയോദ്യാനങ്ങളുടെയും വന്യജീവി സംരക്ഷണകേന്ദ്രങ്ങളുടെയും ചുറ്റുമതിലിൽ നിന്ന് 500 മീറ്ററും അതിൽ താഴെയും ചുറ്റളവുള്ള പരിസ്ഥിതി ലോല മേഖലകളുള്ള സാഹചര്യത്തിലാണ് ചുറ്റുമതിലിനു പുറത്തുള്ള പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് താഴെയായാലും ഖനനത്തിനുള്ള നിരോധനം ഒരു കിലോമീറ്റർ വരെയായിരിക്കുമെന്ന് ബെഞ്ച് ഓർമിപ്പിച്ചത്.
കേരളത്തിന് ഏറെ ആശ്വാസകരമായ വിധിയിൽ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ഏകീകൃത കരുതൽ മേഖലയാക്കിയ വിധി കഴിഞ്ഞ മാസം 26നാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്.രാജ്യമൊട്ടുക്കും ഏകീകൃത കരുതൽ മേഖല (ബഫർസോൺ) സ്വീകാര്യമല്ലെന്നും അത് പ്രദേശങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കണമെന്നുമുള്ള കേന്ദ്ര സർക്കാറിന്റെയും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെയും നിലപാട് അംഗീകരിച്ചായിരുന്നു ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.