പണമില്ല; കർണാടകയിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജെ.ഡി.എസ്
text_fieldsബംഗളൂരു: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി ജെ.ഡി-എസ്. ബെളഗാവി ലോക്സഭ സീറ്റിലും ബസവകല്യാൺ, മസ്കി, സിന്ദഗി നിയമസഭ സീറ്റുകളിലും നടക്കാനിരിക്കുന്ന ഉപതെരെഞ്ഞടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്ന് ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മതിയായ പണം തങ്ങളുടെ പക്കലില്ലെന്നും 2023ലെ നിയമസഭ തെരെഞ്ഞടുപ്പിന് വേണ്ടി പാർട്ടിയെ ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെ.ഡി-എസിെൻറ സിറ്റിങ് സീറ്റാണ് വടക്കൻ കർണാടക വിജയപുരയിലെ സിന്ദഗി. മുതിർന്ന എം.എൽ.എയായിരുന്ന എം.സി. മനഗുളി കഴിഞ്ഞ ജനുവരി 28ന് നിര്യാതനായതിനെ തുടർന്നാണ് സിന്ദഗി സീറ്റിൽ ഒഴിവ് വന്നത്.
കോൺഗ്രസ് എം.എൽ.എയായിരുന്ന പ്രതാപ്ഗൗഡ പാട്ടീൽ വിപ്പ് ലംഘിച്ചതിനെ തുടർന്ന് സ്പീക്കർ അയോഗ്യനാക്കിയതോടെ മസ്കിയിലും കോൺഗ്രസ് എം.എൽ.എയായിരുന്ന ബി. സത്യനാരായണ റാവു കോവിഡ് ബാധിതനായി സെപ്റ്റംബർ 24ന് അന്തരിച്ചതിനെ തുടർന്ന് ബസവകല്യാണിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു.
ഭരണപക്ഷമായ ബി.ജെ.പിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കുകയും മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിക്കുകയും ചെയ്തിരിക്കെയാണ് ജെ.ഡി-എസിെൻറ പിൻവാങ്ങൽ.
അതേസമയം, ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ നിൽക്കുകയും കർണാടകയിൽ ബി.ജെ.പിയോട് ചേർന്നു നിൽക്കുകയും ചെയ്യുന്ന ജെ.ഡി-എസിെൻറ ഇരട്ട സമീപനമാണ് പുതിയ തീരുമാനത്തിന് പിന്നിലുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയും ബി.ജെ.പിക്കായി േവാട്ടുപിന്തുണ നൽകുകയുമാണ് ലക്ഷ്യം.
നിയമനിർമാണ കൗൺസിലിൽ ജെ.ഡി-എസും ബി.ജെ.പിയും പരസ്പരം സഹകരിച്ച് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ സ്ഥാനങ്ങൾ പങ്കിട്ടതിന് പിന്നാലെയാണ് സിറ്റിങ് സീറ്റിലടക്കം ഉപതെരഞ്ഞെടുപ്പിൽ നിന്നുള്ള പിന്മാറ്റം ദേവഗൗഡ പ്രഖ്യാപിക്കുന്നത്.
കർണാടക എ.പി.എം.സി ഭേദഗതി ബിൽ ജെ.ഡി-എസിെൻറ പ്രത്യക്ഷ പിന്തുണയോടെയും ഗോവധ നിരോധന ബിൽ പരോക്ഷ പിന്തുണയോടെയും യെദിയൂരപ്പ സർക്കാർ ഉപരിസഭയിൽ പാസാക്കിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.