ബച്ചന്റെ കോവിഡ് ബോധവത്കരണ പ്രീ കോളർ ഓഡിയോ ഇനിയില്ല, പകരം മറ്റൊന്ന്
text_fieldsന്യൂഡൽഹി: കോവിഡ് ബോധവത്കരണത്തിനായി ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളർ ട്യൂൺ ഓഡിയോ സന്ദേശം ഇനിയുണ്ടാകില്ല. രാജ്യത്ത് ജനുവരി 16 മുതൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന സാഹചര്യത്തിൽ, വാക്സിനേഷൻ സംബന്ധിച്ച സന്ദേശമാകും പുതിയ കോളർ ട്യൂണിൽ. വാക്സിനേഷനെ സംബന്ധിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയാണ് ലക്ഷ്യം.
കോവിഡ് വാക്സിനേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട അവബോധ സന്ദേശം പെൺ ശബ്ദത്തിലായിരിക്കും. പുതുവർഷത്തിൽ കോവിഡ് വാക്സിന്റെ രൂപത്തിൽ പ്രതീക്ഷയുടെ കിരണമെത്തിയെന്ന് തുടങ്ങുന്നതാണ് സന്ദേശം. വാക്സിൻ ഇന്ത്യയിൽ വികസിപ്പിച്ചതാണെന്നും സുരക്ഷിതമാണെന്നും പകർച്ചവ്യാധിക്കെതിരെ ഫലപ്രദമാണെന്നും സന്ദേശത്തിൽ പറയുന്നു. കോവിഡ് 19നെതിരായ പ്രതിരോധ ശേഷി കൈവരിക്കാൻ വാക്സിന് സാധിക്കും. വാക്സിനേഷൻ സംബന്ധിച്ച വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും പുതിയ കോളർ ട്യൂണിൽ പറയുന്നു.
വാക്സിൻ വിതരണം ആരംഭിച്ചെങ്കിലും മാസ്ക് ധാരണം, സാനിറ്റെസർ ഉപയോഗം, കൈകഴുകൽ, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മുൻകരുതലുകൾ തുടർന്നുപോരണമെന്നും ശബ്ദ സന്ദേശത്തിൽ ഓർമിപ്പിക്കുന്നു.
കോവിഡ് ബോധവത്കരണ സന്ദേശത്തിൽ അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്നാവശ്യപ്പെട്ട് പൊതു താൽപര്യ ഹരജി ഡൽഹി ഹൈകോടതിയിൽ നൽകിയിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ നിരവധിപേർ സൗജന്യ സേവനത്തിന് തയാറാകുേമ്പാൾ സർക്കാർ ബച്ചന് ഇത്തരം പരസ്യങ്ങൾക്കായി പണം നൽകുന്നുവെന്ന് ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പറയാൻ അമിതാഭ് ബച്ചന് അർഹതയില്ലെന്നും സന്ദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.