'ഇനി തെരഞ്ഞെടുപ്പിനില്ല'; രാഷ്ട്രീയത്തിൽ തുടരുമെന്ന് യെദിയൂരപ്പ
text_fieldsബംഗളൂരു: മുൻ മുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെദിയൂരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചു. രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഇനിയൊരിക്കലും മത്സരിക്കില്ലെന്ന് തീരുമാനമെടുത്തതായും അദ്ദേഹം ബെളഗാവിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘എനിക്കിപ്പോൾ 80 വയസ്സായി, ഇനി മത്സരിക്കാനില്ല’ -അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ കർണാടകയിൽ വീണ്ടും അധികാരത്തിലെത്തിക്കുകയും 2024 തെരഞ്ഞെടുപ്പിൽ മോദിയെ വീണ്ടും പ്രധാനമന്ത്രിസ്ഥാനത്ത് എത്തിക്കുകയെന്നതുമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ബി.ജെ.പിയുടെ ഏറ്റവും ശക്തനായ ജനകീയ നേതാവാണ് യെദിയൂരപ്പ. സംസ്ഥാനത്തെ പ്രമുഖ സമുദായമായ ലിംഗായത്തിന്റെ കരുത്തനായ നേതാവുകൂടിയാണ് അദ്ദേഹം.
ബി.ജെ.പിയുടെ ഉന്നത സമിതിയായ പാർലമെന്ററി ബോർഡിൽ ഈയടുത്ത് ഉൾപ്പെടുത്തിയതോടെ അദ്ദേഹം പാർട്ടിയിൽ അതികായനായി മാറിയിരുന്നു. പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മണ്ഡലമായ ശിക്കാരിപുര ഇളയ മകൻ വിജയേന്ദ്രക്കായി താൻ ഒഴിയുകയാണെന്നും യെദിയൂരപ്പ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു.
ഏഴു തവണ എം.എൽ.എയായ ശിക്കാരിപുരയിൽ നടന്ന പൊതുയോഗത്തിലായിരുന്നു പ്രഖ്യാപനം. യെദിയൂരപ്പയെ അവഗണിച്ച് കർണാടകയിൽ ബി.ജെ.പിക്ക് മുന്നോട്ടുപോകാനാകാത്ത അവസ്ഥയാണ്. ഒരിക്കൽ അദ്ദേഹത്തെ പുറത്തിരുത്തി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് 2011ൽ യെദിയൂരപ്പക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. പിന്നീട് അദ്ദേഹം പാർട്ടി പിളർത്തി കർണാടക ജനത പക്ഷ എന്ന പേരിൽ പുതിയ പാർട്ടിക്ക് രൂപംനൽകി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിന് ഇത് കാരണമായി.
2021 ജൂലൈ വരെ യെദിയൂരപ്പയായിരുന്നു മുഖ്യമന്ത്രി. പിന്നീടാണ് ബസവരാജ് ബൊമ്മൈക്കുവേണ്ടി വഴിമാറേണ്ടി വന്നത്. അന്ന് ഏറെ വേദനയോടെയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങിയത്. അതേസമയം, യെദിയൂരപ്പയെ ബി.ജെ.പി ഉപയോഗപ്പെടുത്തി ഇപ്പോൾ വലിച്ചെറിയുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.