ഡൽഹിയിൽ സൗജന്യ വൈദ്യുതി വിതരണം നിലച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സൗജന്യ വൈദ്യുതി വിതരണം നാളെ മുതൽ ഇല്ല. വൈദ്യുതി സബ്സിഡി വെള്ളിയാഴ്ചയോടെ നിർത്തലാക്കുകയാണെന്ന് മന്ത്രി അതിഷി മർലേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സബ്സിഡി അടുത്ത വർഷവും തുടരാൻ ആം ആദ്മി പാർട്ടി സർക്കാർ മന്ത്രിസഭയിൽ തീരുമാനിച്ച് അയച്ച ഫയലിൽ ഒപ്പിടാൻ ലഫ്റ്റനന്റ് ഗവർണർ ഇതുവരെ തയാറാകാത്തതിനാലാണ് ഇത്തരമൊരു സാഹചര്യം വന്നതെന്ന് അതിഷി പറഞ്ഞു.
പാവങ്ങൾക്ക് സബ്സിഡി നൽകുന്നതിന് എതിരല്ലെന്നും ഫയൽ സമർപ്പിക്കാൻ ഡൽഹി സർക്കാർ വരുത്തിയ കാലതാമസമാണ് പ്രശ്ന കാരണമെന്നും എൽ.ജി ഓഫീസ് പ്രതികരിച്ചു. തെറ്റായ പ്രസ്താവന നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അതിഷി ചെയ്തതെന്ന് ഓഫീസ് കുറ്റപ്പെടുത്തി. ഏപ്രിൽ 15ന് സബ്സിഡി കാലാവധി തീരുമെന്ന് അറിയാമായിരുന്നിട്ടും നീട്ടാനുള്ള തീരുമാനമെടുക്കാൻ ഏപ്രിൽ നാല് വരെ കാത്തിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച എൽ.ജി ഓഫീസ് ഏപ്രിൽ 11ന് ഫയൽ അയച്ച് 13ന് കത്തയച്ചും 15ന് വാർത്താസമ്മേളനം നടത്തിയും ഡൽഹി സർക്കാർ നാടകീയത സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു.
ഇതോടെ, വെള്ളിയാഴ്ചക്ക് ശേഷം ഡൽഹിൽ വൈദ്യുതി കമ്പനികൾ നൽകുന്ന ബില്ലിൽ സബ്സിഡി ഉണ്ടാവില്ല. ഡൽഹിയിൽ നൽകിയിരുന്ന തീർത്തും സൗജന്യമായി സീറോ ബിൽ ലഭിച്ചിരുന്നവർക്കും 50 ശതമാനം ഇളവ് ലഭിച്ചിരുന്നവർക്കും ശനിയാഴ്ച മുതൽ ഉപയോഗിച്ച യൂനിറ്റുകളുടെ തുക കണക്കാക്കിയുള്ള ബില്ലാണ് നൽകുക.
പ്രതിമാസം 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന പദ്ധതിയായിരുന്നു ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതോടെ നടപ്പാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.