കോൺഗ്രസ് ഏതാണ്ട് അവസാനിച്ചു, ബി.ജെ.പിയെ നേരിടാൻ ഒരു പാർട്ടിക്കും കരുത്തില്ല -ജെ.പി. നഡ്ഡ
text_fieldsപാട്ന: രാജ്യത്തെ ഒരു ദേശീയ പാർട്ടിക്കും ബി.ജെ.പിയെ നേരിടാൻ കരുത്തില്ലെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച നഡ്ഡ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഏതാണ്ട് അവസാനിച്ചുവെന്നും പറഞ്ഞു. ബി.ജെ.പിയുടെ ദ്വിദിന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അവശേഷിക്കുന്ന ഒരേയൊരു ദേശീയ പാർട്ടിയായതിനാൽ ബി.ജെ.പിയെ ദേശീയതലത്തിൽ നേരിടാൻ ഒരു പാർട്ടിക്കും കരുത്തില്ല. പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരേയൊരു പാർട്ടിയായതിനാൽ രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് മാത്രമേ പ്രസക്തിയുണ്ടാകൂ. സഹോദര-സഹോദരി പാർട്ടികളും മറ്റെല്ലാ കുടുംബ പാർട്ടികളും ഉടൻ അവസാനിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഏതാണ്ട് അവസാനിച്ചു. ഒരു ദേശീയ പാർട്ടിക്കും ബി.ജെ.പിയെ നേരിടാനുള്ള ശേഷിയില്ല'- ജെ.പി നഡ്ഡ പറഞ്ഞു.
ബിഹാറിൽ ലാലു പ്രസാദിന്റെ ആർ.ജെ.ഡി, ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി, മഹാരാഷ്ട്രയിൽ ശിവസേന, എൻ.സി.പി, ഒഡിഷയിൽ ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ്, തമിഴ്‌നാട്ടിലെ മറ്റ് കുടുംബ പാർട്ടികൾ ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളുടെ പ്രസക്തി രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നേരിടുമെന്ന് പാർട്ടി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.