ആശങ്കവേണ്ട; പക്ഷിപ്പനി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ലെന്ന് എയിംസ്
text_fieldsന്യൂഡൽഹി: പക്ഷിപ്പനി ബാധിച്ച് ഒരാൾ മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ വലിയ ആശങ്കയിലാണ് രാജ്യം. ഇതിനിടെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എയിംസ്. വളരെ അപൂർവമായി മാത്രമേ പക്ഷിപ്പനി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുവെന്ന് എയിംസ് മേധാവി രൺദീപ് ഗുലേറിയ പറഞ്ഞു. എങ്കിലും രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തും. ഈ പ്രദേശത്ത് കോഴിഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എയിംസ് ഡയറക്ടർ കൂട്ടിച്ചേർത്തു.
പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്ന സംഭവം അപൂർവമാണ്. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് രോഗം വ്യാപകമായി പടർന്ന സംഭവം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ചില ഫാമിലി ക്ലസ്റ്ററുകളിൽ രോഗം പടർന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ചെറിയ സമ്പർക്കം കൊണ്ട് രോഗം ഒരിക്കലും പടരില്ലെന്ന് എയിംസിലെ ഡോക്ടറായ ഡോ. നീരജ് നിഷാലും വ്യക്തമാക്കി. കുട്ടിയുമായി ബന്ധം പുലർത്തിയ ആർക്കും രോഗലക്ഷണങ്ങളില്ല. ആരോഗ്യപ്രവർത്തകരും സുരക്ഷിതരാണെന്ന് അേദഹം കൂട്ടിച്ചേർത്തു.
ശരിയായ രീതിയിൽ പാചകം ചെയ്ത ഭക്ഷ്യവിഭവങ്ങൾ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഉയർന്ന താപനിലയിൽ ഭക്ഷണം പാചകം ചെയ്യുന്നത് വൈറസ് സാധ്യത ഇല്ലാതാക്കുമെന്നും എയിംസ് അറിയിച്ചു. പക്ഷിപ്പനി ബാധിച്ച് മരണം സംഭവിക്കാനുള്ള സാധ്യത 60 ശതമാനത്തോളമാണ്. 70 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് നേരം ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്താൽ പക്ഷിപ്പനിക്ക് കാരണമാവുന്ന വൈറസിനെ ഇല്ലാതാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.