വിമാനയാത്രക്കാർക്ക് ആശ്വാസം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യാന്തര യാത്രക്കാർ വിമാനയാത്രക്ക് മുമ്പ് ആർ.ടി-പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ്/കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്ന നിർദേശം കേന്ദ്ര സർക്കാർ പിൻവലിച്ചേക്കും. സാങ്കേതിക തകരാർ മൂലം വെബ്പോർട്ടൽ നിരന്തരം പണിമുടക്കുന്നത് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നീക്കം.
സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്ന നിർദേശത്തിൽ ഇളവ് തേടി വ്യോമയാന മന്ത്രാലയം നേരത്തെ ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിന് അനുകൂല നിലപാടാണ് ആരോഗ്യമന്ത്രാലയം സ്വീകരിച്ചതെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, യാത്രക്കാർ ഓൺലൈനായി സ്വയം സാക്ഷ്യപത്രം പൂരിപ്പിച്ച് നൽകണമെന്ന നിർദേശം തുടരും. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ മിക്ക രാജ്യങ്ങളും ഇളവ് അനുവദിച്ചിരുന്നു.
എന്നാൽ, ഇന്ത്യയിൽ കോവിഡ് വ്യാപന തോത് ആശ്വാസകരമായ രീതിയിലേക്ക് കുറയാത്ത സാഹചര്യത്തിൽ വിദേശ യാത്രക്കുള്ള കർശന നിബന്ധനകൾ സർക്കാർ തുടരുകയായിരുന്നു. 12,751 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4.41 കോടിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.