കോൺഗ്രസ് സർക്കാറിന്റെ പരാജയങ്ങൾ കാണാൻ കർണാടക സന്ദർശിക്കേണ്ടതില്ല- കെ.ടി രാമറാവു
text_fieldsഹൈദരാബാദ്: കർണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കിയത് കാണാൻ ബി.ആർ.എസ് നേതാക്കളെ ക്ഷണിച്ച കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് മറുപടിയുമായി ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു. കോൺഗ്രസ് സർക്കാറിന്റെ പരാജയങ്ങൾ കാണാൻ കർണാടക സന്ദർശിക്കേണ്ടതില്ലെന്ന് കെ.ടി രാമറാവു പറഞ്ഞു.
കർണാടകയിലെ ജനങ്ങളെ വലച്ചതിന് ശേഷം തെലങ്കാനയിൽ കോൺഗ്രസിന് വോട്ട് തേടാനാണ് ശിവകുമാർ വന്നതെന്ന് കെ.ടി രാമറാവു എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
"നിങ്ങളുടെ പരാജയങ്ങൾ കാണാൻ കർണാടക വരെ പോകേണ്ട കാര്യമില്ല. കർണ്ണാടക സർക്കാർ വഞ്ചിച്ച കർഷകർ ഇവിടെ വന്ന് നിങ്ങൾ ചെയ്ത അനീതി വിവരിക്കുന്നു. കോൺഗ്രസ് ഉയർത്തുന്ന അപകടത്തെക്കുറിച്ച് കർഷകർ തെലങ്കാനക്കാർക്ക് മുന്നറിയിപ്പ് നൽകുകയാണ്"- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം കർഷകർക്ക് 24 മണിക്കൂർ സൗജന്യ വൈദ്യുതി നൽകുന്ന തെലങ്കാനയിൽ വന്ന് കർണാടകയിൽ 5 മണിക്കൂർ വൈദ്യുതി നൽകിയെന്ന് വീമ്പിളക്കുന്നത് നാണക്കേടാണെന്നും അത് കഴിവുകേടാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കർണാടക ഉപമുഖ്യ മന്ത്രി ഡി.കെ. ശിവകുമാർ തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസ് ശക്തിപ്പെട്ടാൽ രാഷ്ട്രം ശക്തമാകുമെന്നും കോൺഗ്രസിന് ലഭിക്കുന്ന വോട്ട് പാവപ്പെട്ടവരെ ശക്തിപ്പെടുത്തുമെന്നും ശിവകുമാർ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നില്ലെന്ന ബി.ആർ.എസിന്‍റെ ആരോപണം അദ്ദേഹം തള്ളുകയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും മകൻ കെ.ടി. രാമറാവുവും കർണാടകയിലേക്ക് വന്ന് വാഗ്ദാനങ്ങൾ നടപ്പാക്കിയത് നേരിട്ട് കണ്ട് മനസിലാക്കണനെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.