'നെറ്റ് വർക്കില്ലെങ്കിൽ, വോട്ടുമില്ല': തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് അഞ്ച് ഒഡീഷ ഗ്രാമങ്ങൾ
text_fieldsജനാധിപത്യത്തിൽ പൗരമാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവകാശങ്ങളിലൊന്നാണ് വോട്ട് ചെയ്യാനുള്ള അവകാശം. തങ്ങളുടെ ജനപ്രതിനിധികൾ ആരായിരിക്കണമെന്ന് തീരുമാനിക്കാനും മുന്‍ ഭരണത്തെക്കുറിച്ച് പ്രതികരണം രേഖപ്പെടുത്താനും ഇതിലൂടെ പൗരമാർക്ക് അവസരം ലഭിക്കും. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായി തെരഞ്ഞെടുപ്പ് മുഴുവനായും ബഹിഷ്കരിച്ച് അടിസ്ഥാന സൗകര്യങ്ങൾക്കായി ശബ്ദം ഉയർത്തുകയാണ് ഒഡീഷ ദിയോഗർ ജില്ലയിലെ ഗ്രാമങ്ങൾ.
ജരഗോഗുവ, ഗന്ദം, പർപോഷി, ദിമിരികുഡ, ജാർമുണ്ട എന്നീ അഞ്ച് ഗ്രാമങ്ങളാണ് മൊബൈൽ നെറ്റ് വർക്കില്ലാത്തതിന്‍റെ പേരിൽ അടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ അഞ്ച് ഗ്രാമങ്ങളും നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഓൺലൈൻ ക്ലാസുകളിൽ സ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ മൊബൈൽ നെറ്റ്‍വർക്ക് ലഭിക്കുന്ന മറ്റ് സ്ഥലങ്ങളിലെത്തിയായിരുന്നു ഇവിടത്തെ വിദ്യാർഥികളുടെ പഠനം.
ഗ്രാമവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അധികാരികളെ അറിയിച്ചിരുന്നുവെങ്കിലും നടപടികൾ സ്വീകരിക്കാൻ അവർ തയാറായിരുന്നില്ല. ഇതിനെ തുടർന്ന് ഗ്രാമവാസികൾ യോഗംചേർന്ന് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 'നെറ്റ് വർക്കില്ലെങ്കിൽ, വോട്ടുമില്ല' എന്ന മുദ്രവാക്യം ഉയർത്തി തെരഞ്ഞെടുപ്പിൽ പങ്കെടുക്കരുതെന്ന അഭ്യർഥനയുമായി ഗ്രാമങ്ങൾ മുഴുവൻ വാഹന പ്രചാരണവും സംഘടിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കരുതെന്ന് ബ്ലോക്ക് അധികൃതർ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇതുവരേക്കും ഗ്രാമവാസികൾ വഴങ്ങിയിട്ടില്ല. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുമെന്നും തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.