തമിഴ്നാട്ടിൽ നിപ വൈറസ് ബാധയില്ലെന്ന് ആരോഗ്യവകുപ്പ്
text_fieldsചെന്നൈ: സംസ്ഥാനത്ത് നിപ വൈറസ് ബാധയില്ലെന്ന് തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.കെ.കുളന്തസാമി അറിയിച്ചു. കേരളത്തിൽ റോഡ് നിർമാണ പ്രവൃത്തിക്ക് പോയി തിരിച്ചുവന്ന തൊഴിലാളിയും ശബരിമല തീർഥാടനം കഴിഞ്ഞ് എത്തിയ വ്യക്തിയുമാണ് പനി ബാധിച്ച് തിരുച്ചി ഗവ. ആശുപത്രിയിൽ കഴിയുന്നത്. ഇവർക്ക് സാധാരണ പനിയാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച നിലയിൽ ജില്ല മെഡിക്കൽ ഒാഫിസർമാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് തിരിച്ചെത്തുന്നവരിൽ പനിബാധിതരെ കണ്ടെത്തി ഉടനടി ചികിൽസ ലഭ്യമാക്കുന്നതിന് അതിർത്തി ജില്ലകളിൽ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിനായി കോയമ്പത്തൂർ ജില്ലയിലെ വാളയാർ, ഗോപാലപുരം, പൊള്ളാച്ചി, ഗോവിന്ദാപുരം തേനി ജില്ലയിലെ ലോവർ ക്യാമ്പ്, കുമളി കന്യാകുമാരി ജില്ലയിലെ കളിയാക്കാവിളൈ, തിരുനൽവേലി ജില്ലയിലെ പുളിയറ എന്നിവിടങ്ങളിൽ ഹെൽത്ത് ബൂത്തുകൾ സ്ഥാപിച്ചു.
മലബാർ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേക മുൻകരുതൽ നടപടികൾ കൈക്കൊള്ളണം. രോഗം നിയന്ത്രണവിധേയമാകുന്നതുവരെ യാത്ര ഒഴിവാക്കണമെന്ന് കുളന്തസാമി പറഞ്ഞു. അതിനിടെ ചെന്നൈ, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ കേരളത്തിൽനിന്നെത്തുന്ന യാത്രക്കാരെ പ്രത്യേക വൈദ്യ പരിശോധനക്ക് വിധേയമാക്കുന്ന സംവിധാനേമർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.