നിതി ആയോഗ് യോഗത്തിനില്ല; പ്രധാനമന്ത്രിക്ക് കത്തെഴുതി കെജ്രിവാൾ
text_fieldsന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പിന്മാറിയതിനുപിന്നാലെ നിതി ആയോഗ് യോഗം ബഹിഷ്‍കരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. സുപ്രീംകോടതി ഉത്തരവ് മറികടന്ന്, ഡൽഹിയിലെ സേവന മേഖലയിൽ പിടിമുറുക്കി കേന്ദ്രം ഇടക്കാല ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം.
‘‘പ്രധാനമന്ത്രി തന്നെ സുപ്രീംകോടതിയെ മാനിക്കുന്നില്ലെങ്കിൽ നീതി തേടി ഞങ്ങൾ എവിടെ പോകുമെന്ന് ജനം ചോദിക്കുന്നു. സഹകരണ ഫെഡറലിസം തമാശയായി മാറുന്നിടത്ത് നിതി ആയോഗിൽ പങ്കെടുക്കുന്നതിൽ എന്തു കാര്യം‘’- പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ കെജ്രിവാൾ ചോദിക്കുന്നു. 2047ഓടെ രാജ്യത്തെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യം, നൈപുണി വികസനം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിലാണ് ഇത്തവണ നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗ ചർച്ചകൾ.
യോഗത്തിൽ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിക്കുപുറമെ പശ്ചിമ ബംഗാളിൽനിന്ന് മമത ബാനർജിയും അറിയിച്ചിരുന്നു. ഈ കൂടിയാലോചനാ സമിതിക്ക് അധികാരമില്ലെന്നും പ്രസക്തി ഇല്ലാതായെന്നും കുറ്റപ്പെടുത്തിയായിരുന്നു മമതയുടെ പിന്മാറ്റം. സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന വിവേചനത്തിൽ പ്രതിഷേധിച്ചാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നിതി ആയോഗ് യോഗം ബഹിഷ്കരിക്കുന്നത്. കേന്ദ്ര സർക്കാർ പഞ്ചാബിനെതിരെ വിവേചനം കാണിക്കുകയാണെന്ന് ആം ആദ്മി പാർട്ടി പഞ്ചാബ് വക്താവ് മൽവീന്ദർ സിങ് കാങ് ആരാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.