കർണാടക കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ബി.ജെ.പിയിലേക്ക്; ഒരെതിർപ്പുമില്ലെന്ന് ബി.ജെ.പി ഉഡുപ്പി ജില്ല കമ്മിറ്റി
text_fieldsബംഗളൂരു: കർണാടക കോൺഗ്രസ് വൈസ് പ്രസിഡന്‍റും മുൻ മന്ത്രിയുമായ പ്രമോദ് മദ്വരാജിന്റെ ബി.ജെ.പി പ്രവേശനത്തിന് വഴിയൊരുങ്ങി. പ്രമോദ് പാർട്ടിയിലേക്കെത്തുന്നതിൽ ഒരെതിർപ്പുമില്ലെന്ന് ബി.ജെ.പി ഉഡുപ്പി ജില്ല കമ്മിറ്റി പ്രസിഡന്റ് കുയിലാടി സുരേഷ് നായക് പ്രതികരിച്ചു. പാർട്ടി പ്രവർത്തകർ അനുകൂല തീരുമാനമാണ് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഉഡുപ്പി മേഖലയിൽ ഏറെ സ്വാധീനമുള്ള മൊഗവീര സമുദായ അംഗമാണ് പ്രമോദ് മദ്വരാജ്. ബി.ജെ.പിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമോദ് മദ്വരാജിനൊപ്പം ഉഡുപ്പി കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് മുനിയലു ഉദയകുമാർ ഷെട്ടിയും ബി.ജെ.പിയിലേക്കെത്തുമെന്നാണ് സൂചന. ഉഡുപ്പിയിലെ കോൺഗ്രസ് മുഖമെന്ന് വിശേഷിപ്പിക്കാവുന്ന ഇരു നേതാക്കളുടെയും കൂടുമാറ്റം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത ക്ഷീണമാകും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി സഖ്യ ധാരണ പ്രകാരം ജെ.ഡി-എസിൽ ചേർന്ന പ്രമോദ് മദ്വരാജ് പിന്നീട് ജെ.ഡി-എസ് വിട്ടിരുന്നു. കെ.പി.സി.സി പുനഃസംഘടനയിൽ വൈസ് പ്രസിഡന്റ് പദവി നൽകിയിരുന്നെങ്കിലും പാർട്ടി പ്രവർത്തനരംഗത്ത് സജീവമായിരുന്നില്ല. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയെങ്കിലും ചുമതലകൾ അറിയിച്ചില്ലെന്നായിരുന്നു മറുപടി. മദ്വരാജിന് പുറമെ, മുനിയലു ഉദയകുമാർ ഷെട്ടിയും പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തെ തുടർന്നാണ് ബി.ജെ.പിയിലേക്ക് കൂടുമാറാനൊരുങ്ങുന്നത്.
മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ എം. വീരപ്പ മൊയ്‍ലിയുടെ മകന്, വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി സീറ്റ് നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.